CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 22 Seconds Ago
Breaking Now

ആശ ബെന്നിയുടെ ആത്മഹത്യ; പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ ദീപ അറസ്റ്റില്‍

ആശാ ബെന്നിയുടെ കുടുംബത്തിന്റെയും അയല്‍വാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

എറണാകുളം പറവൂരില്‍ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപിന്റെ മകള്‍ ദീപ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ദീപയുമുണ്ടായിരുന്നുവെന്നാണ് മൊഴി. ആശാ ബെന്നിയുടെ കുടുംബത്തിന്റെയും അയല്‍വാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ദീപയെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദീപും ഭാര്യ ബിന്ദുവും നിലവില്‍ ഒളിവിലാണ്. പ്രദീപിനും ഭാര്യ ബിന്ദുവിനുമൊപ്പം ദീപയും ആശയുടെ വീട്ടിലെത്തിയിരുന്നുവെന്നും ദീപയും ആശയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. പണം കടം നല്‍കിയവരില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് കോട്ടുവളളി സൗത്ത് റേഷന്‍ കടയ്ക്ക് സമീപം പുളിക്കത്തറ വീട്ടില്‍ ആശ ബെന്നി ജീവനൊടുക്കിയത്. ഓഗസ്റ്റ് 19നായിരുന്നു സംഭവം. അയല്‍വാസിയായ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പേരുകളാണ് ആശ ബെന്നിയുടെ ആത്മഹത്യാക്കുറിപ്പിലുളളത്.

ഇവരില്‍ നിന്ന് പത്തുലക്ഷത്തോളം രൂപ ആശ പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നു പലിശ. മുതലും പലിശയുമടക്കം 30 ലക്ഷം തിരികെ കൊടുത്തിട്ടും ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ കുടുംബം ആരോപിച്ചു. തിങ്കളാഴ്ച്ച ആശ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസം ചികിത്സയിലായിരുന്നു.

ഫോണ്‍ മുഖേനയും വീട്ടിലെത്തിയും പ്രദീപ് കുമാറും ഭാര്യ ബിന്ദുവും ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നതോടെ ആശയുടെ കുടുംബം എസ്പി ഓഫീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പറവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ വച്ചും പൊലീസുകാര്‍ക്ക് മുന്നില്‍ വച്ചും പ്രദീപ് കുമാര്‍ ആശയെ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രിയും പ്രദീപ് കുമാറും ഭാര്യയും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതിന്റെ മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ഉച്ചയോടെ വീട്ടില്‍നിന്ന് ഇറങ്ങിയ ആശ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി

 




കൂടുതല്‍വാര്‍ത്തകള്‍.