ധര്‍മ്മസ്ഥലയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി കൊലപാതകങ്ങളും, ബലാത്സംഗങ്ങളും, അജ്ഞാത ശവസംസ്‌കാരങ്ങളും നടന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച പരാതിക്കാരനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച എസ്.ഐ.ടി. തലവന്‍ പ്രണബ് മൊഹന്തിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി വരെ പരാതിക്കാരനെ ചോദ്യം ചെയ്തതിന് ശേഷമാണ് ഈ അറസ്റ്റ്.
ധര്‍മ്മസ്ഥലയില്‍ മുന്‍പ് ശുചിത്വ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഈ വ്യക്തിയാണ് പരാതിക്കാരന്‍. 1995-നും 2014-നും ഇടയില്‍ സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും ഉള്‍പ്പെടെ നിരവധി മൃതദേഹങ്ങള്‍ ധര്‍മ്മസ്ഥലയില്‍ തന്നെ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും ഇയാള്‍ മൊഴി നല്‍കി.
എന്നാല്‍, അന്വേഷണത്തിനിടെ പരാതിക്കാരന്റെ മൊഴികളിലും നല്‍കിയ രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് പരാതിക്കാരനെ തന്നെ അറസ്റ്റ് ചെയ്തത്.
അതിനിടെ കേസില്‍ നിര്‍ണ്ണായകമായി മറ്റൊരു ട്വിസ്റ്റും .
കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലേക്ക് പോയ മകളെ 2023-ല്‍ കാണാതായെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് പരാതിക്കാരിയായ സ്ത്രീ. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ മകളെ ധര്‍മ്മസ്ഥലയില്‍ നിന്നും കാണാതായി എന്ന പരാതി വ്യാജമായിരുന്നുവെന്ന് പരാതിക്കാരിയായ സുജാത ഭട്ട് വെളിപ്പെടുത്തിയത്.
മകള്‍ അനന്യ ഭട്ടിനെ 2023-ല്‍ ധര്‍മ്മസ്ഥലയില്‍ നിന്നും കാണാതായി എന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, തനിക്ക് അനന്യ ഭട്ട് എന്ന പേരില്‍ ഒരു മകളില്ലെന്ന് അവര്‍ വെളിപ്പെടുത്തി. കേസിലെ രണ്ട് പ്രമുഖ ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവര്‍, ടി ജയന്തി എന്നിവര്‍ മകളെ ധര്‍മ്മസ്ഥലയില്‍ നിന്നും കാണാതായെന്ന ആരോപണം ഉന്നയിക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും സുജാത ഭട്ട് യൂട്യൂബ് ചാനലിനോട് സംസാരിക്കവേ പറഞ്ഞു.
ഏറെ കോളിളക്കം സൃഷ്ടിച്ച ധര്‍മ്മസ്ഥല കൂട്ടശവസംസ്‌കാര കേസില്‍ മകളുടെ തിരോധാനത്തെ കുറിച്ചുള്ള സുജാത ഭട്ടിന്റെ പരാതി വിവാദങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ നുണക്കഥയാണെന്ന് തെളിഞ്ഞിരിക്കുന്നത്.