പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കറിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ കേസ്. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി ഭാസ്‌കര്‍ പരാതി നല്‍കിയത്. തിരുവനന്തപുരം സൈബര്‍ പോലീസ് ഭാരതീയ ന്യായ സംഹിതയിലെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുക, അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ച് പ്രചരിപ്പിക്കുക, അന്തസ്സിന് ഹാനി വരുത്തുക, സ്വകാര്യതയിലേക്ക് കടന്നുകയറുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്റെ എഫ്‌ഐആര്‍ ഹണി ഭാസ്‌കര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചു.
നിയമ സംവിധാനങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അഭിനന്ദിച്ചുകൊണ്ട് ഹണി ഭാസ്‌കര്‍ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ അതിവേഗവും മാതൃകാപരവുമായ നടപടിയാണ് ഉണ്ടായതെന്നും, സ്ത്രീകള്‍ക്ക് പിന്തുണ നല്‍കാന്‍ നിയമ സംവിധാനങ്ങള്‍ ഒപ്പമുണ്ടെന്ന് ഈ സംഭവം ബോധ്യപ്പെടുത്തിയെന്നും അവര്‍ വ്യക്തമാക്കി. തന്നെ വിളിച്ച സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ പിന്തുണയെക്കുറിച്ചും ഹണി പോസ്റ്റില്‍ പരാമര്‍ശിച്ചു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഹണി പോസ്റ്റ് അവസാനിപ്പിച്ചത്.