
















അമ്മയെ കൂടെതാമസിപ്പിക്കുന്നതിനെചൊല്ലി ഭാര്യയും ഭാര്യാമാതാവും പ്രശ്നങ്ങളുണ്ടാക്കിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഫരീദാബാദിലാണ് സംഭവം. റെഡിയോതെറാപ്പിസ്റ്റായ യോഗേഷ് കുമാര്‍ എന്ന യുവാവാണ് താമസിക്കുന്ന കെട്ടിടത്തിന്റെ 15ാം നിലയില്‍നിന്നും ചാടിയത്. യോഗേഷിന്റെ അമ്മാവന്റെ പരാതിയില്‍ ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍, രണ്ട് സഹോദരങ്ങള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മധ്യപ്രദേശിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന യോഗേഷ് കുമാര്‍, ഒമ്പത് വര്‍ഷം മുമ്പാണ് നേഹ റാവത്തിനെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ആറ് വയസുള്ള കുട്ടിയുമുണ്ട്. ഇരുവര്‍ക്കും ജോലിയുള്ളതിനാല്‍ കുഞ്ഞിനെ വേണ്ടുംവിധം ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ലായിരുന്നു. അതിനാല്‍ തന്നെ അമ്മയെ കൂടെ നിര്‍ത്തണമെന്ന ആവശ്യം യോഗേഷ് പലതവണ ഉന്നയിച്ചെങ്കിലും നേഹ അതിന് സമ്മതിച്ചില്ല.
ഒമ്പത് മാസം മുന്‍പ് യോഗേഷ് പേള്‍ സൊസൈറ്റി അപാര്‍ട്മെന്റിലേക്ക് കുഞ്ഞുമായി താമസം മാറി. എന്നാല്‍ ജോലിയുമായി ബന്ധപ്പെട്ട് നേഹ നോയിഡയില്‍തന്നെ തുടര്‍ന്നു. ഈ സമയം കുഞ്ഞിനെ നോക്കാനായി യോഗേഷ് അമ്മയെ വിളിച്ചുവരുത്തി. എന്നാല്‍ ഒരു മാസത്തിന് ശേഷം പുതിയ താമസസ്ഥലത്തെത്തിയ നേഹ തര്‍ക്കം ആരംഭിച്ചു. അമ്മയെ കൂടെ താമസിപ്പിക്കാനാവില്ലെന്നും തനിയ്ക്ക് അവര്‍ക്കൊപ്പം ഇവിടെ കഴിയാനാവില്ലെന്നും പറഞ്ഞ് യോഗേഷുമായി വഴക്കിട്ടു. നേഹയെ പിന്തുണച്ച് സഹോദരന്മാര്‍ എത്തി. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും നേഹ സഹോദരങ്ങള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. ഇതോടെ യോഗേഷ് അസ്വസ്ഥനായിരുന്നുവെന്ന് അമ്മാവന്‍ പരാതിയില്‍ പറഞ്ഞു.
വ്യാഴാഴ്ച നേഹയെ ഗ്വാളിയാറിലെ സ്വന്തം വീട്ടില്‍ നിന്നും കൂട്ടി ആദ്യം താമസിച്ചിരുന്ന നോയിഡയിലെ താമസസസ്ഥലത്ത് എത്തിച്ചു. പിന്നീട് പേള്‍ സൊസൈറ്റി അപാര്‍ട്മെന്റില്‍ തിരിച്ചെത്തിയ യോഗേഷ് കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. അന്വേഷണം ആരംഭിച്ചതായി ഭൂപനി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അറിയിച്ചു.