
















കുളിമുറിയിലെ ഗ്യാസ് വാട്ടര്‍ഹീറ്ററില്‍നിന്നുണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് സഹോദരിമാരായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെയാണ് മൈസൂരുവില്‍ അപകടം സംഭവിച്ചത്.
ഗുല്‍ഫാം (23), സിമ്രാന്‍ താജ് (20) എന്നിവരാണ് മരിച്ചത്. ഇരുവരും ഒരുമിച്ചാണ് കുളിമുറിയില്‍ പ്രവേശിച്ചത്. ഏറെ സമയം കഴിഞ്ഞിട്ടും യുവതികളെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് പിതാവ് അല്‍ത്താഫ് വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗീസറില്‍നിന്ന് വാതകം ചോര്‍ന്നതാണ് അപകടകാരണം. തീപിടുത്തം ഉണ്ടായില്ലെങ്കിലും വാതകം ശ്വസിച്ച് ശ്വാസംമുട്ടിയാണ് യുവതികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മൈസൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, ശനിയാഴ്ച രാവിലെ ബെംഗളൂരുവിലെ കെ.ആര്‍. പുരത്ത് മറ്റൊരു ദുരന്തം ഉണ്ടായി. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബെംഗളൂരുവിലെ ത്രിവേണി നഗറിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകരുകയും സമീപത്തെ ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.