
















ഭാര്യയുടെ വിശ്വാസവഞ്ചനയില്‍ മനംനൊന്ത 35കാരന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലാണ് സംഭവം. വിഷം കഴിക്കുന്നതിന് മുമ്പ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും യുവാവ് റെക്കോര്‍ഡ് ചെയ്തിരുന്നു. തനിക്ക് മരിക്കാന്‍ ആഗ്രഹമില്ല എന്ന് വീഡിയോയില്‍ പറയുന്നതിനിടെയാണ് ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയത്. ഇംലൗട്ട ഗ്രാമവാസിയായ ദല്‍ചന്ദ് അഹിര്‍വാര്‍ ആണ് ഝാന്‍സി മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കിടെ മരിച്ചത്.
ദല്‍ചന്ദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബത്തിന്റെ ഭാഗത്തുനിന്ന് പരാതി ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. 2015-ല്‍ ഗാട്ട് കോത്ര സ്വദേശിനിയായ ജാനകിയെ വിവാഹം കഴിച്ച ദല്‍ചന്ദിന് എട്ട് വയസുള്ള മകനും ഏഴ് വയസുള്ള മകളുമുണ്ട്. ഹരിയാനയിലെ ബഹദൂര്‍ഗഢില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ദല്‍ചന്ദ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം അവിടെയാണ് താമസിച്ചിരുന്നത്.
ഭാര്യക്ക് വീട്ടുടമയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്ന ദല്‍ചന്ദ് അടുത്തിടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയതെന്ന് ബന്ധുവായ വിനോദ് ആരോപിച്ചു. വീട്ടുടമയെക്കൊണ്ട് തന്നെ മര്‍ദ്ദിപ്പിക്കുകയും ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തതായി ദല്‍ചന്ദ് പറഞ്ഞിരുന്നു. ഭാര്യയുടെ പേരില്‍ ഇയാള്‍ സ്ഥലം വാങ്ങുകയും ചെയ്തിരുന്നു. പിന്നീട്, ജാനകി സ്വന്തം വീട്ടിലേക്ക് പോവുകയും ആ സ്ഥലം വില്‍ക്കാന്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തു. ഈ അപമാനം സഹിക്കാനാകാതെയാണ് ദല്‍ചന്ദ് ഈ കടുംകൈ ചെയ്തതെന്നും വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് മിനിറ്റും മൂന്ന് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കണ്ണീരോടെ ദല്‍ചന്ദ് ഭാര്യ ജാനകിയോട് സംസാരിക്കുന്നുണ്ട്. 'ജാനകി, എന്നെ ശ്രദ്ധിച്ചു നോക്കൂ, ഇത് ഞാന്‍ തന്നെയാണ്. മൂന്ന് ദിവസമായി ഞാന്‍ മരിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ മരണം എളുപ്പത്തില്‍ വരുന്നില്ല. എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല. നീ എന്നോട് ഒരു വാക്ക് സംസാരിച്ചിരുന്നെങ്കില്‍ ഞാന്‍ ഇത് ചെയ്യുമായിരുന്നില്ല. നീ എന്നോട് ഒരു വാക്ക് സംസാരിച്ചിരുന്നെങ്കില്‍ ഞാന്‍ ഇത് ചെയ്യുമായിരുന്നില്ല. നീ എന്നെ ചതിച്ചതുപോലെ മറ്റൊരാളെയും ചതിക്കരുത്,' ദല്‍ചന്ദ് തന്റെ അവസാന വീഡിയോയില്‍ പറഞ്ഞു.