
















ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് രണ്ടുനിലകെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ടു. ഗുരുതരമായി പരുക്കേറ്റ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുപിയിലെ ഝാന്‍സിയിലാണ് സംഭവം. മൗ റാണിപുര്‍ സ്വദേശി റ്റീജയാണ് അതിക്രമത്തിന് ഇരയായത്. ഝാന്‍സി സ്വദേശിയായ മുകേഷ് അഹിര്‍വാറുമായി 2022 ലായിരുന്നു റ്റീജയുടെ വിവാഹം.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞതോടെ ദാമ്പത്യ പ്രശ്‌നമുണ്ടായി. മുകേഷ് വീട്ടില്‍ നിന്ന് മാറി താമസ്‌ക്കുകയും ഇടക്കിടെ മടങ്ങിയെത്തി ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കാനും തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച വീട്ടിലെത്തിയ മുകേഷ് റ്റീജയെ മര്‍ദ്ദിച് അവശയാക്കി. പിന്നാലെ ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചു. ബലപ്രയോഗത്തിന് മുതിര്‍ന്നപ്പോള്‍ റ്റീജ എതിര്‍ത്തു. ഇതോടെ രണ്ടുനിലയുള്ള വീടിന്റെ മുകളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം അവിടെ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു.
നിലവിളിയും ബഹളവും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ച് കിടന്ന റ്റീജയെ ആശുപത്രിയിലെത്തിച്ചത്. യുവതി തീവ്രപരിചരണ വിഭാഗത്തിലാണ് പൊലീസ് കേസെടുത്തു. റ്റീജ അപകട നില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.