
















പ്രകൃതിയോട് സ്‌നേഹം വേണം. സ്‌നേഹമുള്ളവര്‍ ഇവി വാഹനങ്ങള്‍ ഉപയോഗിക്കും. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ പുക തള്ളിവിടുകയില്ല. ഇത്തരം മോഹന സ്വപ്‌നങ്ങള്‍ വിറ്റാണ് ബ്രിട്ടനിലും, ലോകമെമ്പാടും ഇവി വാഹനങ്ങള്‍ നിരത്തുകളിലെത്തിക്കുന്നത്. വില കൂടുതലായിട്ടും പ്രകൃതി സ്‌നേഹം മൂത്ത് ഇവി വാഹനങ്ങള്‍ എടുത്തവരെ പോക്കറ്റടിക്കാനാണ് ഇപ്പോള്‍ ചാന്‍സലര്‍ നീക്കം നടത്തുന്നത്.
ഈ മാസം ഒടുവില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ റോഡ് ചാര്‍ജ്ജിംഗ് ടാക്‌സ് ഏര്‍പ്പെടുത്താനാണ് ചാന്‍സലറുടെ ശ്രമം. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെയാണ് ഇത് ലക്ഷ്യം വെയ്ക്കുന്നത്. മറ്റ് റോഡ് നികുതികള്‍ക്ക് പുറമെ ഓരോ മൈലിനും 3 പെന്‍സ് വീതം ഇവികള്‍ക്ക് ചാര്‍ജ്ജ് ഏര്‍പ്പെടുത്തുമെന്നാണ് ട്രഷറി ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്.
ഇതോടെ 2028 ആകുന്നതോടെ ശരാശരി ഡ്രൈവര്‍ക്ക് പ്രതിവര്‍ഷം 250 പൗണ്ടാണ് നല്‍കേണ്ടി വരിക. ഇതിന് പുറമെ ഹൈബ്രിഡ് കാറുകള്‍ക്കും പുതിയ ചാര്‍ജ്ജ് വരും. എന്നിരുന്നാലും ഈ നിരക്ക് താരതമ്യേന കുറവായിരിക്കും. ഫ്യൂവല്‍ ഡ്യൂട്ടി വരുമാനം കുറയുന്ന സാഹചര്യത്തിലാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നത്.
കൂടുതല്‍ ഡ്രൈവര്‍മാര്‍ ഗ്രീന്‍ എനര്‍ജിയിലേക്ക് നീങ്ങുന്നത് ട്രഷറിയുടെ വരുമാനം കുറയ്ക്കുന്നുണ്ട്. സ്‌കീം ആരംഭിക്കുന്ന സമയം കൊണ്ട് നിരത്തുകളില്‍ ആറ് മില്ല്യണ്‍ അധിക ഇവികള്‍ എത്തുമെന്നാണ് കരുതുന്നത്. പെട്രോള്‍ ഡ്രൈവര്‍മാര്‍ വര്‍ഷത്തില്‍ 600 പൗണ്ട് നല്‍കുമ്പോള്‍ ഈ നീക്കം മാന്യമാണെന്നാണ് റീവ്‌സിന്റെ നിലപാട്.