
















ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് കൈയില്‍ കിട്ടുന്ന വരുമാനത്തില്‍ വന്‍ വെട്ടിക്കുറവ് വരുത്താന്‍ നീക്കവുമായി ട്രഷറി. ഖജനാവിലേക്കുള്ള വരുമാനത്തില്‍ വന്‍ ഇടിവ് നേരിടുന്നത് പരിഹരിക്കാനാണ് ഇത്തരമൊരു വലയുമായി ചാന്‍സലര്‍ ഇറങ്ങുന്നത്. ഇത് നടപ്പിലായാല്‍ ലക്ഷക്കണക്കിന് ജീവനക്കാരുടെ ടേക്ക്-ഹോം പേയെ ഇത് സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ സാലറി സാക്രിഫൈസ് വെട്ടിക്കുറയ്ക്കാനോ, റദ്ദാക്കാനോ ആണ് നീക്കമെന്നാണ് സൂചന. എന്നാല്‍ ഈ നടപടിയിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് സൊസൈറ്റി ഓഫ് പെന്‍ഷന്‍ പ്രൊഫഷണല്‍സ് എല്ലാ 650 എംപിമാര്‍ക്കും കത്തയച്ചു.
ഇത് സാധാരണ വരുമാനക്കാരെ കനത്ത തോതില്‍ ബാധിക്കുമെന്ന് എസ്പിപി പറയുന്നു. ഇത് പെന്‍ഷന്‍ സേവിംഗ് ഇല്ലാതാക്കാനാണ് ഉപകരിക്കുക. സാലറിയിലെ ഒരു ഭാഗം ഒഴിവാക്കാന്‍ സ്വയം തയ്യാറായി കൊണ്ട് ഇത് പെന്‍ഷനിലേക്ക് നേരിട്ട് നല്‍കാന്‍ വഴിയൊരുക്കുന്നതാണ് സാലറി സാക്രിഫൈസ്.
ഈ തുകയ്ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കേണ്ടതില്ലാത്തതിനാല്‍ എംപ്ലോയേഴ്‌സിനും, എംപ്ലോയിക്കും ഇത് പണം ലാഭിക്കാന്‍ സഹായം നല്‍കുന്നു. ചില സ്ഥാപനങ്ങള്‍ ലാഭിച്ച തുകയിലെ ഒരു ഭാഗം സ്റ്റാഫ് പെന്‍ഷനിലേക്ക് നല്‍കുന്നത് വഴി ജോലിക്കാര്‍ക്ക് അധിക ചെലവില്ലാതെ കോണ്‍ട്രിബ്യൂഷന്‍ മെച്ചപ്പെടുത്താനും സാധിക്കാറുണ്ട്.