
















ബജറ്റ് അവതരണത്തിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവെ പ്രതിസന്ധിയിലേക്ക് വഴുതിവീണ് ലേബര്‍ ഗവണ്‍മെന്റ്. പാര്‍ട്ടിയിലെ ഉള്‍പ്പോര് മറനീക്കി പുറത്തുവന്നതോടെ പ്രധാനമന്ത്രി ക്യാബിനറ്റ് മന്ത്രിമാര്‍ക്കെതിരെ തന്നെ രംഗത്ത് വന്നതാണ് കാര്യങ്ങള്‍ വഷളാക്കിയത്. തന്നെ പുറത്താക്കി പ്രധാനമന്ത്രിയാകാനുള്ള നീക്കത്തില്‍ മുന്നിലുള്ള ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗാണെന്ന് മനസ്സിലാക്കിയ കീര്‍ സ്റ്റാര്‍മര്‍ ഈ കുറ്റപ്പെടുത്തല്‍ പരസ്യമായി പ്രകടിപ്പിച്ചതാണ് തിരിച്ചടിച്ചത്.
എന്നാല്‍ സ്ട്രീറ്റിംഗിനെ കുത്താനുള്ള ശ്രമത്തില്‍ പരുക്കേറ്റത് പ്രധാനമന്ത്രിക്കാണ്. ഇത് മനസ്സിലാക്കി തന്റെ ക്യാബിനറ്റിലെ ഒരു അംഗത്തെയും ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചു. ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗന്‍ മക്‌സ്വീനിയാണ് ഹെല്‍ത്ത് സെക്രട്ടറിക്ക് എതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്നാണ് വിവരം.
സ്വന്തം മന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മക്‌സ്വീനിയെ പുറത്താക്കാന്‍ രോഷാകുലരായ എംപിമാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ദീര്‍ഘകാല സഹായിയായ ഇദ്ദേഹം പുറത്തായാല്‍ പിന്നാലെ സ്റ്റാര്‍മറുടെ കസേരയും തെറിക്കുമെന്നാണ് ആശങ്ക. ലേബറിന്റെ ജനപ്രീതി ചരിത്രപരമായ താഴ്ചയിലാണ് എത്തിനില്‍ക്കുന്നത്. അതിനാല്‍ നേതൃപോരാട്ടത്തിനുള്ള സാധ്യതകളും തെളിയുന്നുണ്ട്.
ബജറ്റ് കഴിയുന്നതോടെ സ്റ്റാര്‍മര്‍ക്ക് കസേര നഷ്ടമാകുമെന്ന് അടുപ്പക്കാര്‍ ഭയക്കുന്നു. നികുതി വര്‍ദ്ധനവുകള്‍ ഈ ആഘാതം ഉറപ്പാക്കുമെന്നാണ് കരുതുന്നത്. ഇതിനിടെ സ്ട്രീറ്റിംഗിന് എതിരായ ബ്രീഫിംഗില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ലേബര്‍ പാര്‍ട്ടി ചെയര്‍മാന്‍ അന്നാ ടര്‍ലി പറഞ്ഞു. വിഷയത്തില്‍ സ്റ്റാര്‍മര്‍ ഹെല്‍ത്ത് സെക്രട്ടറിയോട് ക്ഷമ ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.