
















എന്തും ഏതും സ്വന്തം താല്‍പര്യത്തിന് അനുസരിച്ച് വിളിച്ച് പറയാമെന്ന് കരുതിയ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ സ്വയം കുഴിച്ച കുഴിയില്‍ വീണു. ഡൊണാള്‍ഡ് ട്രംപ്, ഗാസ, ട്രാന്‍സ് വിഷയങ്ങളില്‍ ഗുരുതരവും, ഏകപക്ഷീയവുമായ കവറേജ് നടത്തുന്നതായി കോര്‍പ്പറേഷന്റെ മുന്‍ ഉപദേശകന്‍ തന്നെ വെളിപ്പെടുത്തിയതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.
ബിബിസി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്നും ടിം ഡേവിയും, ബിബിസി ന്യൂസ് മേധാവി ഡെബോറാ ടര്‍ണസുമാണ് ഇപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചത്. രാജി തീരുമാനം തന്റേത് മാത്രമാണെന്ന് കോര്‍പ്പറേഷനെ ഞെട്ടിച്ച രാജി പ്രഖ്യാപനത്തില്‍ ടിം ഡേവി പറഞ്ഞു. ട്രംപിന്റെ പ്രസംഗം എഡിറ്റിംഗ് ചെയ്ത് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചതിന് മാപ്പ് പറയാനുള്ള ഒരുക്കത്തിലാണ് ബിബിസി.
ഇതോടെ ബ്രിട്ടീഷ് മാധ്യമ രംഗത്തെ ഏറ്റവും ഉന്നതമായ രണ്ട് പദവികളാണ് ഒഴിവ് വന്നിരിക്കുന്നത്. ഗവണ്‍മെന്റുമായി സ്ഥാപനത്തിന്റെ ഭാവിയും, ഫണ്ടിംഗും സംബന്ധിച്ച് സുപ്രധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഏകപക്ഷീയമായ കവറേജിംഗിന്റെ പേരില്‍ കസേരകള്‍ തെറിക്കുന്നത്. സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ ഗൈഡ്‌ലൈനും, സ്റ്റാന്‍ഡേര്‍ഡ്‌സും തീരുമാനിക്കുന്ന കമമിറ്റിയുെട സ്വതന്ത്ര ഉപദേശകനായിരുന്ന മൈക്കിള്‍ പ്രസ്‌കോട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ബിബിസിക്ക് മറുപടി നല്‍കാനുള്ള തീയതി ഇന്ന് അവസാനിക്കവെയാണ് കൂട്ടരാജി.
പനോരമയ്ക്കായി ട്രംപിന്റെ പ്രസംഗം ബിബിസി എഡിറ്റ് ചെയ്ത് ഉപയോഗിച്ചെന്നാണ് പ്രസ്‌കോട്ട് വിമര്‍ശിച്ചത്. മറ്റൊരു പ്രസംഗത്തില്‍ നിന്നുള്ള ഒരു ഭാഗം ഉള്‍പ്പെടുത്തിയതോടെ 'ക്യാപിറ്റല്‍ ഹില്ലില്‍ പോരാട്ടം' നടത്തണമെന്ന വിധത്തിലേക്ക് പ്രസംഗം മാറുകയായിരുന്നു. 100% വ്യാജ വാര്‍ത്ത ചമയ്ക്കുന്ന പ്രോപ്പഗാന്‍ഡ മെഷീനായി കോര്‍പ്പറേഷന്‍ മാറിയെന്ന് ട്രംപിന്റെ പ്രസ് സെക്രട്ടറി ബിബിസിയെ വിമര്‍ശിക്കുകയും ചെയ്തു.