
















യുകെയിലേക്ക് അനധികൃതമായി കടക്കുന്നവരെ നാടുകടത്തുമെന്ന ഹോം ഓഫീസിന്റെ ഭീഷണി തമാശയായി മാറുന്നു. ചെറുബോട്ടില്‍ കയറി രാജ്യത്ത് പ്രവേശിച്ചതിന് നാടുകടത്തിയ മറ്റൊരു അനധകൃത കുടിയേറ്റക്കാരന്‍ കൂടി ഇപ്പോള്‍ യുകെയിലേക്ക് വീണ്ടും എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
റിമംബ്രന്‍സ് ഡേയില്‍ ഡിഞ്ചിയില്‍ കയറിയാണ് ഇയാള്‍ യുകെയിലേക്ക് വീണ്ടും പ്രവേശിച്ചതെന്ന് ജിബി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ ഉള്‍പ്പെടെ നാനൂറോളം കുടിയേറ്റക്കാരെയാണ് ചാനലില്‍ വെച്ച് പിടികൂടി ബോര്‍ഡര്‍ ഫോഴ്‌സ് ഡോവറില്‍ എത്തിച്ചത്.
ഗവണ്‍മെന്റിന്റെ ഫ്രാന്‍സിലേക്കുള്ള 'വണ്‍ ഇന്‍, വണ്‍ ഔട്ട്' സ്‌കീമിന് കനത്ത തിരിച്ചടിയാണ് ഈ വാര്‍ത്ത. ഫ്രാന്‍സിലേക്ക് മടക്കി അയയ്ക്കുന്നവര്‍ അനികൃതമായി വീണ്ടും യുകെയിലേക്ക് എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. ഏതാനും ദിവസം മുന്‍പാണ് രണ്ട് തവണ യുകെയിലെത്തിയ വ്യക്തിയെ രണ്ടാമതും നാടുകടത്തിയത്.
ഫ്രാന്‍സിലേക്ക് നാടുകടത്തിയ ശേഷം വീണ്ടും തിരികെ പ്രവേശിക്കുന്നവര്‍ സമയവും, പണവും പാഴാക്കുകയാണെന്ന് ഹോം ഓഫീസ് വക്താവ് പ്രതികരിച്ചു. ഇവരെ ബയോമെട്രിക്‌സ് വഴി തിരിച്ചറിയുകയും, തടങ്കലില്‍ എടുക്കുകയും, കേസ് എടുത്ത് വേഗത്തില്‍ നാടകടത്തുകയുമാണ് ചെയ്യുന്നത്.
സിസ്റ്റം വര്‍ക്ക് ചെയ്യുന്നുവെന്നാണ് രണ്ടാമത്തെ വ്യക്തിയെ പിടികൂടിയത് തെളിയിക്കുന്നതെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വാദം.