
















അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വ്യത്യസ്ത പ്രസംഗങ്ങള്‍ വെട്ടിയൊട്ടിച്ച് സംപ്രേക്ഷണം ചെയ്ത് പണി കിട്ടിയിരിക്കുകയാണ് ബിബിസിയ്ക്ക്. ബിബിസി ചെയര്‍ പേഴ്‌സണ്‍ സമീര്‍ ഷാ എല്ലാ തെറ്റും ഏറ്റുപറഞ്ഞ് പാര്‍ലമെന്ററി ഉപസമിതിക്ക് മുന്നില്‍ മാപ്പ് അപേക്ഷിച്ചെങ്കിലും നഷ്ടപരിഹാരവും മറ്റ് പരിഹാര നടപടികളുമില്ലാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ട്രംപും കൂട്ടാളികളും.
നവംബര്‍ പതിനാലിന് അകം തന്റെ എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്ത പനോരമ ഡോക്യുമെന്ററി പിന്‍വലിച്ച് പകരം ശരിയായത് സംപ്രേക്ഷണം ചെയ്യണമെന്നും തെറ്റുപറ്റിയതില്‍ മാപ്പു പറയണമെന്നും ഒരു ബില്യണ്‍ ഡോളര്‍ മാനനഷ്ടത്തിന് പരിഹാരമായി നല്‍കണമെന്നുമാണ് ട്രംപിന്റെ ആവശ്യം. അല്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഈ ആവശ്യങ്ങള്‍ വിശദീകരിക്കുന്ന കത്ത് ബിബിസി ആസ്ഥാനത്ത് എത്തി കഴിഞ്ഞു.
ഇന്നലെ രാവിലെ ബിബിസി ഡയറക്ടര്‍ ജനറല്‍ ടീം ഡേവിയും ന്യൂസ് ചീഫ് എക്‌സിക്യൂട്ടീവ് ഡെബോറ ടോര്‍ണസും രാജിവച്ചിരുന്നു. ഇവരുടെ രാജിയ്ക്ക് പിന്നാലെ വിവാദം ശക്തമായി. പക്ഷപാതം, സെന്‍സര്‍ഷിപ്പ്, വ്യാജ വീഡിയോ തുടങ്ങിയ ആരോപണങ്ങളാണ് രാജിയിലേക്കെത്തിച്ചത്.
ജൂണ്‍ 6ന് ട്രംപ് നടത്തിയ പ്രസംഗമാണ് ദൃശ്യങ്ങളില്‍ മാറ്റം വരുത്തി ബിബിസി ഉപയോഗിച്ചത്. തുടര്‍ന്ന് വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് ട്രംപ് രംഗത്തെത്തി.
പ്രമുഖ യുകെ നേതാക്കള്‍ ഉള്‍പ്പെടെ ബിബിസിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ മാപ്പപേക്ഷയിലും രാജിയിലും ഒതുങ്ങില്ല കാര്യങ്ങളെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.