
















കര്‍ണാടകയില്‍ ഏഴ് വയസുകാരന് നേരെ പിതാവിന്റെ ക്രൂരത. കുട്ടിയുടെ ഉള്ളം കയ്യില്‍ പൊള്ളിക്കുകയും കണ്ണില്‍ കുരുമുളകുപൊടി വിതറുകയും ചെയ്ത അച്ഛനെതിരെ പൊലീസ് കേസെടുത്തു. കുംട സ്വദേശി വിജയ നായിക്കിനെതിരെയാണ് കേസെടുത്തത്.
ഭാര്യയുമായുള്ള വിവാഹമോചനത്തിന് ശേഷം തനിക്കൊപ്പം കഴിയുന്ന രണ്ട് കുട്ടികളില്‍ ഒരാളെയാണ് വിജയ നായിക് ക്രൂരമായി ഉപദ്രവിച്ചത്. ചട്ടുകം പഴുപ്പിച്ച് കയ്യില്‍ വച്ച് പൊള്ളിച്ചു. കുഞ്ഞ് കണ്ണുകളില്‍ കുരുമുളക് പൊടി തേച്ചു. സ്‌കൂളില്‍ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു. ഒരു ഏഴ് വയസുകാരന് താങ്ങാവുന്നതിലും അധികമായിരുന്നു വിജയ നായിക്കിന്റെ ക്രൂരത.
വര്‍ഷങ്ങളായി ഭാര്യയുമായി പിരിഞ്ഞു ജീവിക്കുന്ന വിജയ് നായിക്കിന് കോടതിയാണ് കുട്ടികളുടെ സംരക്ഷണ ചുമതല കൈമാറിയിരുന്നത്. ഇതിനിടെ ഏതാനും ദിവസം മുന്‍പ് മറ്റൊരു സ്ത്രീയെ ഇയാള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതോടെ സ്വന്തം അമ്മയെ കാണണമെന്ന് വാശിപിടിച്ച കുട്ടിയെയാണ് ഇയാള്‍ അതിക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയെ സ്‌കൂളില്‍ വിടാത്തതിന്റെ കാരണം തേടിയ അധ്യാപകരോട് സുഖമില്ലെന്ന് കള്ളവും പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ അമ്മയെ ബന്ധപ്പെട്ടതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കുകയാണ്. കണ്‍പോളകള്‍ വീങ്ങിയ നിലയിലാണ്. അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.