
















വെനസ്വേലയില്‍ കടന്നുകയറി അവിടുത്തെ പ്രസിഡന്റിനെയും, ഭാര്യയെയും പിടിച്ചുകെട്ടി യുഎസില്‍ എത്തിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ മറ്റ് അയല്‍രാജ്യങ്ങള്‍ക്ക് ആശങ്ക. മുന്‍പ് പല കാര്യങ്ങളുടെയും പേരില്‍ ട്രംപ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട രാജ്യങ്ങള്‍ക്കാണ് പ്രസിഡന്റ് മഡുറോയെ പിടികൂടിയ വിഷയം ആശങ്കയാകുന്നത്. എന്നാല്‍ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള മോഹവുമായി മുന്നോട്ട് പോയാല്‍ അത് നാറ്റോയുടെ അന്ത്യം കുറിയ്ക്കുമെന്നും ട്രംപിനെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
വെനസ്വേലയില്‍ നടത്തിയ കടന്നുകയറ്റം മഡുറോയുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാനും, യുഎസിലേക്ക് മയക്കുമരുന്ന് തടയാനുമൊക്കെയാണെന്ന് വാദം ഉന്നയിക്കുമ്പോഴും ആ രാജ്യത്തെ പെട്രോളിയത്തില്‍ കണ്ണുവെച്ചുള്ള നീക്കമാണെന്ന് ഇതിനകം സംശയം ഉയര്‍ന്നിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡിലെ ധാതുക്കള്‍ താന്‍ അടുത്ത ലക്ഷ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് സൂചനയും നല്‍കിയിട്ടുണ്ട്. 
എന്നാല്‍ നാറ്റോ രാജ്യങ്ങളില്‍ കൈവെയ്ക്കാന്‍ നില്‍ക്കരുതെന്ന് പ്രസിഡന്റ് ട്രംപിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി. ഡെന്‍മാര്‍ക്കിലെ സെമി-ഓട്ടോണമസ് രാജ്യമായ ഗ്രീന്‍ലാന്‍ഡ് പിടിക്കുമെന്ന യുഎസ് ഭീഷണി ഗുരുതരമായി കാണണമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സണ്‍ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പാശ്ചാത്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ നാറ്റോ സംഖ്യം സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഇത് തകര്‍ക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നിക്കോളാസ് മഡുറോയെ പിടികൂടിയ യുഎസ് സൈനിക നടപടിയെ അപലിപ്പിക്കാന്‍ തയ്യാറാകാത്തത് പ്രധാനമന്ത്രി സ്റ്റാര്‍മറെ ലേബര്‍ പാര്‍ട്ടിയുടെ വിമര്‍ശനത്തിന് ഇരയാക്കുകയാണ്. മഡുറോയുടെ ഡെപ്യൂട്ടി നയിക്കുന്ന വെനസ്വേലന്‍ നേതൃത്വത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പര്‍ പറഞ്ഞു. ഇതിനിടെ ട്രംപ് സൗത്ത് അമേരിക്കയില്‍ കളിക്കാനിറങ്ങിയാല്‍ ആയുധമെടുക്കാന്‍ തയ്യാറാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ മുന്നറിയിപ്പ് നല്‍കി.