
















എന്‍എച്ച്എസ് ജീവനക്കാരെ ക്യാന്‍സര്‍ ബാധിക്കുന്നതിലേക്ക് തള്ളിവിടുന്ന കെമിക്കല്‍ ഉപയോഗം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് ആവശ്യം. ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ ദിവസേന ഈ കെമിക്കലുമായി സമ്പര്‍ക്കത്തില്‍ വരുന്നുവെന്നാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്.
പാതോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ അപകടകരമായ തോതില്‍ ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കേണ്ടി വരുന്നുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ആശുപത്രികളില്‍ ഡിസ്ഇന്‍ഫെക്ടന്റായി ഉപയോഗിക്കുന്ന കെമിക്കലാണിത്. കൂടാതെ ലാബുകളില്‍ ടിഷ്യൂ സാമ്പിളുകള്‍ സൂക്ഷിക്കാനും ഈ കെമിക്കല്‍ ആവശ്യമാണ്.
എന്നാല്‍ ഫോര്‍മാല്‍ഡിഹൈഡ് തുടര്‍ച്ചയായി ശ്വസിക്കുന്നത് മൂലം പല പ്രശ്‌നങ്ങളും രൂപപ്പെടാം. ശ്വാസകോള ആരോഗ്യം, ഫെര്‍ട്ടിലിറ്റി എന്നിവയെ തകരാറിലാക്കാന്‍ ഇത് ഇടയാക്കും. ഇതിന് പുറമെ മൂക്കിലും, തൊണ്ടയിലും ക്യാന്‍സര്‍ രൂപ്പെടാനും കെമിക്കല്‍ വഴിയൊരുക്കുന്നതായി ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
ലൂക്കീമിയ, മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്, കോഗ്നിറ്റീവ് ഇമ്പയര്‍മെന്റ് എന്നിവയും നേരിടേണ്ടി വരുമെന്ന് തെളിവുകള്‍ പുറത്തുവരുന്നുണ്ട്. ആവശ്യത്തിന് വെന്റിലേഷനില്ലാത്ത ലാബുകളില്‍ ഈ കെമിക്കല്‍ ഉപയോഗിക്കേണ്ടി വരുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ അപകടത്തിലാകുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.