
















മാഞ്ചസ്റ്ററില്‍ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഈ മാസം 28-ന് കൊടിയേറും..യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തിലേറെ പേര്‍ പങ്കെടുക്കുന്ന ആഘോഷമാണ് മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍.
മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജൂണ്‍ 27 ശനിയാഴ്ച വിഥിന്‍ഷോ ഫോറം സെന്ററില്‍ പാരിഷ് ഡേ ആഘോഷിക്കും. മിഷനിലെ വിവിധ കുടുംബകൂട്ടായ്മകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. കൂടാതെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി അരവിന്ദ് നായരും പിന്നണി ഗായിക നിയ ജോയും നയിക്കുന്ന ഗാനമേളയും നടക്കും.
ജൂണ്‍ 28 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റ് നിര്‍വഹിക്കുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകിട്ട് 5.30-ന് വിവിധ വൈദികരുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നവേനയും നടക്കും.
പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലിന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വൈദികനായ റവ. ഫാ. മിഖായേല്‍ കോച്ചേരി മുഖ്യകാര്‍മികനാകും.തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, പ്രത്യേക അനുഗ്രഹ പ്രാര്‍ത്ഥനകള്‍, ആത്മീയ ശുശ്രൂഷകള്‍, കുടുംബങ്ങളുടെ സമര്‍പ്പണ പ്രാര്‍ത്ഥനകള്‍, സ്‌നേഹവിരുന്ന് എന്നിവ നടക്കും.
ജൂലൈ 5 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സമാപന തിരുനാള്‍ ആഘോഷങ്ങള്‍ നടക്കും.