
















സോഷ്യല്‍ മീഡിയയിലെ റീല്‍സുകള്‍ക്കായി വീടിന്റെയുള്ളും സ്വര്‍ണ്ണാഭരണങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ച ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള പ്രമുഖ യൂട്യൂബര്‍ രചന ഗുര്‍ജാറിന്റെ വീട് രാത്രിയില്‍ കള്ളന്മാര്‍ കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുള്ള മോഹാനി ഗ്രാമത്തില്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടുകാരെ കിടപ്പുമുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു ലക്ഷങ്ങളുടെ കവര്‍ച്ച നടന്നത്.
വീട് അരിച്ചുപെറുക്കിയ മോഷ്ടാക്കള്‍ മേശപ്പുറത്തും അലമാരയിലുമിരുന്ന സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങളും വന്‍ തുകയും കവര്‍ന്നു. ആഭരണങ്ങള്‍ക്ക് പുറമെ വീട്ടിലിരുന്ന ഒരു കാര്‍ട്ടണ്‍ എനര്‍ജി ഡ്രിങ്ക് വരെ ഇവര്‍ കൊണ്ടുപോയതായാണ് വിവരം. ആകെ എട്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെയുള്ള നഷ്ടമാണ് കണക്കാക്കുന്നത്.
പുലര്‍ച്ചെ നാലുമണിയോടെ ഉറക്കമുണര്‍ന്നപ്പോഴാണ് തങ്ങള്‍ അകത്തുനിന്നും പൂട്ടിയ നിലയിലാണെന്ന് വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ജനലിലൂടെ പുറത്തുണ്ടായിരുന്ന ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ച് വിവരമറിയിക്കുകയായിരുന്നു. അവരെത്തി വാതില്‍ തുറന്നപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ട കാര്യം പൂര്‍ണ്ണമായും വ്യക്തമായത്.
ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള രചന ഗുര്‍ജാര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോകളാണ് കള്ളന്മാര്‍ വീട്ടില്‍ കയറാന്‍ കാരണമായത്. രചന അടുത്തിടെ പങ്കുവെച്ച 'ഹോം ടൂര്‍' വീഡിയോയില്‍ വീടിന്റെ പ്രധാന വാതില്‍ മുതല്‍ മുറികളുടെ കൃത്യമായ സ്ഥാനങ്ങള്‍ വരെ വ്യക്തമായിരുന്നു. മറ്റൊരു റീല്‍സില്‍ വന്‍തോതില്‍ സ്വര്‍ണ്ണാഭരണങ്ങളും പണക്കെട്ടുകളും ഒരു മേശപ്പുറത്ത് നിരത്തിവെച്ചാണ് ഇവര്‍ വീഡിയോ എടുത്തത്. ഈ ദൃശ്യങ്ങള്‍ കണ്ട് വിലപിടിപ്പുള്ള വസ്തുക്കള്‍ എവിടെയാണ് ഇരിക്കുന്നതെന്നും വീടിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ എങ്ങനെയെന്നും കള്ളന്മാര്‍ മുന്‍കൂട്ടി മനസ്സിലാക്കി കൃത്യമായ പ്ലാനോടെയാണ് എത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു.
പിടിക്കപ്പെടാതിരിക്കാന്‍ കള്ളന്മാര്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. സിസിടിവി ക്യാമറകള്‍ മറച്ചു വച്ചതിന് ശേഷമാണ് മോഷണം നടത്തിയത്. വീടിന്റെ ചുറ്റുപാടുകളെക്കുറിച്ചും കുടുംബത്തിന്റെ ശീലങ്ങളെക്കുറിച്ചും കൃത്യമായി അറിയാവുന്ന അതേ ഗ്രാമത്തിലെയോ സമീപപ്രദേശങ്ങളിലെയോ ആളുകളാകാം മോഷണത്തിന് പിന്നിലെന്നാണ് ശിവപുരി അഡീഷണല്‍ പോലീസ് സൂപ്രണ്ട് സഞ്ജീവ് മുലെ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.