
















ബ്രിട്ടന്റെ ഹോം ഓഫീസ് വിസാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ആശങ്കയോടെ ഉറ്റുനോക്കുകയാണ് കെയര്‍ വിസയിലെത്തിയ വിദേശ ജീവനക്കാര്‍. അഞ്ച് വയസ്സുള്ള കുട്ടിയോട് വരെ നാടുവിടാന്‍ ആവശ്യപ്പെട്ട് കത്തയച്ച ഹോം ഓഫീസ് ഇപ്പോള്‍ ഈ അതിര്‍വരമ്പും ലംഘിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പൂര്‍ണ്ണഗര്‍ഭിണിയായ കെയററുടെ കുടുംബത്തിന് നാടുകടത്തല്‍ നോട്ടീസ് അയച്ചാണ് ഹോം ഓഫീസ് ഞെട്ടിച്ചിരിക്കുന്നത്.
യുകെയില്‍ ജോലി ചെയ്യാനും, താമസിക്കാനും നിയമപരമായി അനുമതിയുള്ള കെയറര്‍ക്കാണ് ഈ ഷോക്ക് കിട്ടിയത്. ഇവരുടെ ഭര്‍ത്താവിനോടും, ആദ്യത്തെ കുട്ടിയോടുമാണ് നാടുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ഭാവിയെ കുറിച്ചുള്ള ആകുലതയിലാണ് അമ്മ.
സ്‌കോട്ട്‌ലണ്ടില്‍ താമസിക്കുന്ന സഞ്ചിതാ വര്‍ണാകുലസൂര്യയ്‌ക്കൊപ്പം ഡിപ്പന്റന്‍ഡുമാരായി ഭര്‍ത്താവ് ഇന്ദികാ കുമാരയും, ഇവരുടെ ആറ് വയസ്സുകാരി മകളും കഴിയുന്നത്. ശ്രീലങ്കയില്‍ നിന്നും ഡോക്ടറായി യോഗ്യത നേടിയിട്ടുള്ള സഞ്ചിത യുകെയില്‍ കെയററായാണ് എത്തുന്നത്. കെയര്‍ വര്‍ക്കറായി ജോലി ചെയ്യാനും, എംപ്ലോയറുടെ സ്‌പോണ്‍സര്‍ഷിപ്പുമുള്ള ഇവരുടെ ഡിപ്പന്റന്‍ഡുമാരായി രാജ്യത്ത് തുടരാന്‍ ഭര്‍ത്താവിനും, കുട്ടിക്കും നിയമപരമായി അവകാശവുമുണ്ട്.
ജൂണ്‍ -ന് ലോക്കല്‍ ഹോസ്പിറ്റല്‍ സിസേറിയന്‍ പ്ലാന്‍ ചെയ്തിരിക്കുമ്പോഴാണ് ഹോം ഓഫീസിന്റെ വക ആഘാതം സമ്മാനിച്ചത്. മറ്റൊരു കേസില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ അഭിസംബോധന ചെയ്തും ഹോം ഓഫീസ് കത്തയച്ചു. യുകെയില്‍ തുടരാനുള്ള കാരണങ്ങള്‍ ബോധ്യപ്പെടാത്തതിനാല്‍ നാടുവിടണമെന്നാണ് അറിയിപ്പ് വന്നത്.
2024 മാര്‍ച്ച് മുതല്‍ കെയര്‍ ജീവനക്കാര്‍ക്ക് പങ്കാളിയെയോ, കുട്ടികളെയോ യുകെയിലേക്ക് കൊണ്ടുവരാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2025 ജൂലൈയില്‍ കെയര്‍ വര്‍ക്കര്‍മാരുടെ വിദേശ റിക്രൂട്ട്‌മെന്റും നിരോധിച്ചു. എന്നാല്‍ ഇപ്പോള്‍ ഈ നിരോധനങ്ങള്‍ക്കും, നിയന്ത്രണങ്ങള്‍ക്കും മുന്‍പെ എത്തിയ കുട്ടികള്‍ക്കാണ് ഹോം ഓഫീസ് കത്തുകള്‍ അയയ്ക്കുന്നതെന്നതാണ് ആശങ്കയാകുന്നത്.