CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 21 Minutes 15 Seconds Ago
Breaking Now

മൊബൈല്‍ ഫോണ്‍ ഉപയോഗം തലച്ചോറിലെ ക്യാന്‍സറിന് കാരണമാകുമോ?

മൊബൈല്‍ ഫോണുകളില്‍ നിന്നും മറ്റ് വയര്‍ലെസ്സ് സംവിധാനങ്ങളില്‍ നിന്നും പുറപ്പെടുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ തലച്ചോറിലോ തലയിലോ കഴുത്തിലോ അര്‍ബുദത്തിന് കാരണമാകുന്നില്ലെന്ന് രാജ്യാന്തര പഠനം വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗവും അര്‍ബുദവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ലോകാരോഗ്യ സംഘടന മുന്‍കൈയെടുത്ത് നടത്തിയ വിവിധ പഠനങ്ങളുടെ സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

റേഡിയോ തരംഗങ്ങള്‍, വൈ-ഫൈ, സാറ്റലൈറ്റ് നാവിഗേഷന്‍, മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവയിലെല്ലാം കുറഞ്ഞ ഊര്‍ജ്ജമുള്ളതും നീളമേറിയ തരംഗദൈര്‍ഘ്യമുള്ളതുമായ പ്രകിരണങ്ങളാണ് ഉപയോഗിക്കുന്നത്. എക്‌സ്-റേ പോലെയുള്ള ഉയര്‍ന്ന ഊര്‍ജ്ജമുള്ള വികിരണങ്ങള്‍ ക്യാന്‍സറിന് കാരണമാകാറുണ്ടെന്നതിനാല്‍ മൊബൈല്‍ തരംഗങ്ങളും ആരോഗ്യത്തിന് ഹാനികരമാണെന്ന ആശങ്ക ദശകങ്ങളായി നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന 2019-ല്‍ 13 വിപുലമായ പഠനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

കുറഞ്ഞ ഊര്‍ജ്ജമുള്ള വികിരണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ശീതയുദ്ധകാലത്തോളം പഴക്കമുണ്ട്. മൈക്രോവേവ് ഓവനുകളും ടെലിവിഷനുകളും വീടുകളില്‍ വ്യാപകമായ കാലത്താണ് ഈ ഭീതി ശക്തമായത്. അക്കാലത്ത് മോസ്‌കോയിലെ യു.എസ് എംബസി ജീവനക്കാരെ ലക്ഷ്യമിട്ട് സോവിയറ്റ് യൂണിയന്‍ മൈക്രോവേവ് വികിരണങ്ങള്‍ പ്രയോഗിച്ചെന്ന സംശയവും, തുടര്‍ന്ന് അവിടുത്തെ അംബാസഡര്‍ക്ക് രക്താര്‍ബുദം ബാധിച്ചതും പൊതുജനങ്ങളില്‍ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാല്‍ മൈക്രോവേവ് തരംഗങ്ങള്‍ വസ്തുക്കളെ ചൂടാക്കുമെന്നതൊഴിച്ചാല്‍ ഇവ മനുഷ്യരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി ശാസ്ത്രീയ തെളിവുകളില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വികിരണ പരിധി നിശ്ചയിച്ചിട്ടുള്ളത്.

ലോകാരോഗ്യ സംഘടനയുടെ അവലോകന സമിതിയിലെ രണ്ട് ശാസ്ത്രജ്ഞര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗവും ക്യാന്‍സറും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. 1994 മുതല്‍ 2022 വരെയുള്ള കാലയളവില്‍ നടന്ന 63 അന്താരാഷ്ട്ര പഠനങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നാണ് ഈ നിഗമനം. വ്യക്തികള്‍ എത്ര സമയം മൊബൈല്‍ ഉപയോഗിക്കുന്നു എന്നതോ പത്തോ അതിലധികമോ വര്‍ഷമായി തുടര്‍ച്ചയായി ഉപയോഗിക്കുന്നു എന്നതോ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നില്ല. ഇതോടൊപ്പം ടെലിവിഷന്‍, റേഡിയോ ട്രാന്‍സ്മിഷന്‍ ടവറുകളില്‍ നിന്നുള്ള തരംഗങ്ങള്‍ കുട്ടികളില്‍ രക്താര്‍ബുദത്തിന് കാരണമാകുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.