
















ആയിരക്കണക്കിന് മലയാളി കെയര്‍ വര്‍ക്കര്‍മാരാണ് ബ്രിട്ടനിലെ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നല്‍കുന്നത് പോലെ ശമ്പളവും, ശമ്പളവര്‍ദ്ധനവും നല്‍കാനുള്ള നീക്കവുമായി ഗവണ്‍മെന്റ്.
ഇംഗ്ലണ്ടിലെ 1.5 മില്ല്യണ്‍ കെയറര്‍മാര്‍ക്കാണ് ആരോഗ്യ ജീവനക്കാര്‍ക്ക് തുല്യമായ രീതിയില്‍ ശമ്പളം ആവിഷ്‌കരിക്കുന്നത്. പദ്ധതി പ്രകാരമുള്ള നിരക്കുകളും, നിബന്ധനകളും, വ്യവസ്ഥകളും തീരുമാനിക്കാനായി ട്രേഡ് യൂണിയനുകളും, എംപ്ലോയര്‍മാരും ഉള്‍പ്പെടുന്ന പുതിയ സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്.
പുതിയ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ നെഗോഷ്യേറ്റിംഗ് ബോഡി ഈ വര്‍ഷത്തിന്റെ അവസാനത്തോടെ നിലവില്‍ വരും. ഇതോടെ ലോക്കല്‍ അതോറിറ്റികളും, സ്വകാര്യ സ്ഥാപനങ്ങളും ജോലി നല്‍കുന്ന കെയര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് കൃത്യമായ നിരക്ക് നിശ്ചയിക്കാനുള്ള അധികാരവും ഉണ്ടാകും.
ഇംഗ്ലണ്ടില്‍ ശരാശരി കെയര്‍ വര്‍ക്കര്‍ക്ക് മണിക്കൂറിന് 12.60 പൗണ്ടാണ് വരുമാനം. പ്രതിവര്‍ഷം 24,000 മുതല്‍ 25,000 പൗണ്ട് വരെയാണ് ഇതുവഴി ലഭിക്കുന്നത്. എന്നാല്‍ മേഖലയിലെ കുറഞ്ഞ ശമ്പളം ജീവനക്കാരുടെ ക്ഷാമം സൃഷ്ടിക്കുന്നുണ്ട്. ഫലത്തില്‍ സേവനങ്ങള്‍ മോശമാകാനും ഇത് കാരണമാണ്.
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് തുല്യമായ നിലയിലേക്ക് കെയര്‍ വര്‍ക്കര്‍മാരുടെയും അവകാശങ്ങള്‍ ഉയര്‍ത്തുകയാണ് ഉദ്ദേശമെന്ന് കെയര്‍ മന്ത്രി സ്റ്റീഫന്‍ കിനോക്ക് പറഞ്ഞു. ആന്‍ഡി ബേണ്‍ഹാം 17 വര്‍ഷം മുന്‍പ് ഹെല്‍ത്ത് സെക്രട്ടറി പദത്തില്‍ ഇരിക്കുമ്പോള്‍ നിര്‍ദ്ദേശിച്ച നാഷണല്‍ കെയര്‍ സര്‍വ്വീസ് പദ്ധതികള്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നീക്കത്തെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സ്വാഗതം ചെയ്തു.