
















ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ വിജയിച്ച് ഫൈനലില്‍ എത്തിയ അര്‍ജന്റീനയ്ക്ക് ആഹ്ലാദത്തേക്കാള്‍ ആശങ്ക. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ശേഷം മൈതാനത്ത് രാഷ്ട്രീയ വിഷയത്തില്‍ ബാനര്‍ ഉയര്‍ത്തി ആഘോഷിച്ചതാണ് ഫിഫ അന്വേഷണത്തിലേക്ക് നയിച്ചിരിക്കുന്നത്. ബ്രിട്ടന്റെ അധീനതയിലുള്ള ഫാക്ക്‌ലാന്‍ഡ് ദ്വീപുകള്‍ തങ്ങളുടേതാണെന്ന് കാണിക്കുന്ന ബാനറാണ് അര്‍ജന്റീന താരങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
ഇംഗ്ലണ്ടിനെ അന്തിമ നിമിഷങ്ങളില്‍ അടിച്ച ഗോളില്‍ മുക്കിയാണ് അര്‍ജന്റീന 2-1ന് വിജയം കരസ്ഥമാക്കിയത്. ഇതിന്റെ ആവേശത്തിനിടെയാണ് രാഷ്ട്രീയ ബാനര്‍ പൊക്കിപ്പിടിച്ച് ആഘോഷിച്ചത്. യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി.
ലോകകപ്പ് ഞങ്ങളുടേതല്ലെങ്കിലും, ഫാക്ക്‌ലാന്‍ഡ്‌സ് ഞങ്ങളുടേത് തന്നെയാണെന്ന് നം.10 പ്രഖ്യാപിക്കുകയും ചെയ്തു. ഫിഫ നിയമങ്ങള്‍ ലോകകപ്പ് വേദികളില്‍ ഏതെങ്കിലും രാഷ്ട്രീയ സന്ദേശങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഡ്രസിംഗ് റൂമില്‍ ഇതേ വിഷയത്തിലുള്ള യുദ്ധഗാനം പാടുന്ന താരങ്ങളുടെ വീഡിയോ അര്‍ജന്റീന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഞായറാഴ്ച നടക്കുന്ന ഫൈനലിന് മുന്‍പ് നടപടി ഉണ്ടാകുമോയെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ടൂര്‍ണമെന്റില്‍ ഉടനീളം അര്‍ജന്റീനയ്ക്ക് അനുകൂലമായി തീരുമാനങ്ങളെടുത്തെന്ന് വിമര്‍ശനം കേട്ട ഫിഫ അത്തരമൊരു പരിപാടിക്ക് നില്‍ക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല.
അതേസമയം ഇംഗ്ലണ്ടിനെതിരായ മത്സരം തങ്ങള്‍ക്ക് വെറുമൊരു ഫുട്‌ബോള്‍ മത്സരം മാത്രമല്ലെന്നാണ് അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പാരാഡെസ് വെളിപ്പെടുത്തിയിരിക്കുന്നത്.