CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 55 Seconds Ago
Breaking Now

മൂന്നാം ലോകകിരീടത്തിനായി ഫ്രാന്‍സ് ഇനിയും കാത്തിരിക്കണം! മുക്കിയും മൂളിയും സെമിയിലെത്തിയ സ്‌പെയിന്‍ ഫൈനലില്‍; സൂപ്പര്‍താര നിരയുണ്ടായിട്ടും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ കഴിയാതെ എംബാപ്പെയും, സംഘവും തലകുനിച്ചു

വിറച്ചുപോയ ഫ്രാന്‍സിന് തിളക്കമേറിയ താരങ്ങള്‍ ഉണ്ടായിട്ടും ഗോള്‍ മടക്കാന്‍ കഴിഞ്ഞില്ല

ആമയുടെയും, മുയലിന്റെയും കഥ കേട്ടിട്ടില്ലേ? വേഗത്തിലോടുന്ന മുയലിനെ ആമ തോല്‍പ്പിച്ച കഥ. ഏതാണ്ട് അതുപോലെയാണ് 2026 ഫിഫ ലോകകപ്പിലെ അവസ്ഥ. ഈ കളിയും വെച്ച് എങ്ങനെ ജയിക്കാനാണ് എന്ന് ചോദിച്ചവരെ കൊണ്ട് തിരിച്ച് ചിന്തിപ്പിക്കുകയാണ് ഇപ്പോള്‍ സ്‌പെയിന്‍. കാരണം അവര്‍ എത്തിനില്‍ക്കുന്നത് ലോകകപ്പ് ഫൈനലിലാണ്. 

മുയലിനെ പോലെ കളിച്ച മത്സരങ്ങളിലെല്ലാം എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ഫ്രാന്‍സ് സെമി വരെ എത്തിയത്. ചെറുതും, വലുതുമായ എതിരാളികളുടെ ഹൃദയം തകര്‍ക്കുന്നതില്‍ അവര്‍ യാതൊരു കരുണയും കാണിച്ചില്ല. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മുന്നില്‍ വന്ന എതിരാളികളെല്ലാം തോറ്റുമടങ്ങി. 

പക്ഷെ സെമി ഫൈനലില്‍ കഥ തിരിച്ചായിരുന്നു. ആമയെ പോലെ ഇഴഞ്ഞ് വന്ന സ്‌പെയിന്‍ മുയലിനെ പോലെ കുതിച്ചെത്തിയ ഫ്രാന്‍സിനെ 2-0ന് തകര്‍ത്തെറിഞ്ഞു. മൂന്നാം ലോകകിരീടം തങ്ങള്‍ക്ക് ഉറപ്പിച്ചെത്തിയ എംബാപ്പെയും, സംഘവുമാണ് ഒരു ഗോള്‍ പോലും മറുപടിയില്ലാതെ മടങ്ങിയത്. 

ഡിഡിയര്‍ ഡിഷാംബിന്റെ ചുണക്കുട്ടികള്‍ക്ക് ലോകകപ്പ് ഉറപ്പെന്ന ധാരണയാണ് യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ തിരുത്തിയത്. മികേല്‍ ഒയാര്‍സബാലാണ് ആദ്യ പകുതിയില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെ സ്‌പെയിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയില്‍ പെട്രോ പോറാ ലീഡുയര്‍ത്തി. 

വിറച്ചുപോയ ഫ്രാന്‍സിന് തിളക്കമേറിയ താരങ്ങള്‍ ഉണ്ടായിട്ടും ഗോള്‍ മടക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ ഫ്രാന്‍സ് താരങ്ങള്‍ക്ക് സാധിച്ചില്ല. പകരക്കാരെ മാറ്റിയിറക്കി ഫ്രഞ്ച് കോച്ച് അക്രമം കടുപ്പിച്ചെങ്കിലും പ്രതിരോധത്തില്‍ ഊന്നിയ സ്‌പെയിന്റെ കോട്ട തകര്‍ന്നില്ല. ഒടുവില്‍ ഫൈനലില്‍ എത്തിക്കൊണ്ട് 16 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള കാത്തിരിപ്പിലാണ് സ്‌പെയിന്‍. 




കൂടുതല്‍വാര്‍ത്തകള്‍.