
















പെനാര്‍ത്ത് (കാര്‍ഡിഫ് ): യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി ഒക്ടോബര്‍ 10ന് കാര്‍ഡിഫിലെ പെനാര്‍ത്തില്‍ വച്ച് നടത്തപ്പെട്ട യുക്മ വെയില്‍സ് റീജിയന് ആപ്റ്റസ് ലീഗല്‍ കലാമേള 2026ല്‍ ന്യൂപോര്‍ട്ട് കേരള കമ്മ്യൂണിറ്റി 181 പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. മെര്ത്ഥര് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് രണ്ടാം സ്ഥാനം നേടിയപ്പോള്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന് ബാരി മൂന്നാം സ്ഥാനം നേടി. കലാതിലകം എന്‍ കെ സി യിലെ നിവേദ്യ മനീഷ് നായറും കലാപ്രതിഭ എം എം സി എ യിലെ ഗര്‍ഷോം നോബിളും കരസ്ഥമാക്കി. നാട്യമയൂരം ന്യൂപോര്‍ട്ടിലെ ദേവതീര്ത്ത രാജ് ഉം ദേവിപ്രഭ സുരേന്ദ്രനും ഒരുമിച്ചു പങ്കിട്ടു. ഭാഷാകേസരി മെര്‍ത്തറിലെ അലോന മേരി അനിലും കരസ്ഥമാക്കി.

രാവിലെ 9 മണിക്ക് തുടങ്ങിയ രെജിസ്ട്രേഷനു ശേഷം 10 മണിക്ക് തുടങ്ങിയ കലാമേള വൈകുന്നേരം 5 മണി വരെ തുടര്‍ച്ചയായി മൂന്ന് സ്റ്റേജുകളില്‍ നൃത്തം, സംഗീതം, സാഹിത്യം, അഭിനയം തുടങ്ങിയവ അരങ്ങേറി. ഈ വര്‍ഷത്തെ കലാമേള സെന്റ് സൈറീസ് സ്കൂള്‍, പെനാര്‍ത്തില്‍ വച്ചാണ് നടത്തപ്പെട്ടത്. വെയില്‍സ് റീജിയന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട കലാമേളക്ക് ആതിഥേയത്വം നല്‍കിയത് കാര്‍ഡിഫ് മലയാളി അസോസിയേഷന് ആണ്. ഈ വര്‍ഷത്തെ കലാമേളക്ക് അഞ്ചു മണിക്കൂര്‍ യാത്ര ചെയ്തു നോര്‍ത്ത് വെയില്‍സിലെ ലാന്ഡ്ഡ്നോയില് നിന്നും കലയെ സ്നേഹിക്കുന്ന ഒരു നല്ല പറ്റം ആള്കാര് വെയില്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫിലേക്ക് വന്നിരുന്നു.

കലാമേളയുടെ ഉത്ഘാടനം ഉച്ചക്ക് 12 മണിക്ക് വെയില്‍സ് റീജിയന് പ്രസിഡന്റ് ശ്രീ ജോഷി തോമസിന്റെ അധ്യക്ഷതയില്‍ നടന്നു. മുഖ്യാതിഥിയായി യുക്മ ദേശിയ ട്രഷറര്‍ ശ്രീ ഷീജോ വര്‍ഗീസ് സന്നിഹിതനായിരുന്നു. ഉത്ഘാടനം പെനാര്‍ത്ത് ടൗണ്‍ മേയര്‍, കൗണ്‍സിലര്‍ ലോറ റോച്ചഫോട് നടത്തിയപ്പോള്‍ പ്രത്യേക അതിഥികളായി വന്നത് ബാരി സിറ്റി മേയര്‍ കൗണ്‍സിലര്‍ ഷാന്‍ തോമസ്, യുക്മ ദേശീയ ജോയിന്റ് ട്രഷറര്‍ ശ്രീ പീറ്റര്‍ താണോലി, യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി ശ്രീമതി റെയ്മോള്‍ നിധിരി, യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ശ്രീ സുനില്‍ ജോര്‍ജ് എന്നിവരാണ്. ഉല്‍ഘാടന സമ്മേളനത്തില്‍ യുക്മ ദേശീയ കമ്മിറ്റി അംഗം ശ്രീ ബെന്നി അഗസ്റ്റിന്, റീജിയണല്‍ സെക്രട്ടറി ശ്രീമതി ഷൈലി തോമസ്, കലാമേള കോഓര്‍ഡിനേറ്റര്‍ ശ്രീ ജോബി മാത്യു, റീജിയണല്‍ ട്രഷറര്‍ റ്റോമ്പില്‍ കണ്ണത്ത്, യുക്മ സാംസ്കാരിക വേദി ജനറല്‍ കണ്‍വീനര്‍ ശ്രീ ബിനോ ആന്റണി, ആതിഥേയത്വം വഹിച്ച കാര്‍ഡിഫ് മലയാളി അസോസിയേഷന് പ്രസിഡന്റ് ശ്രീ ബിജു പോള്‍, യുക്മ സൗത്ത് വെസ്റ്റ് റീജിയന് സെക്രട്ടറി ശ്രീ ജോബി തോമസ്, സ്പോര്‍ട്സ് സെക്രട്ടറി സാജു സലിംകുട്ടി, റീജിയണല്‍ പി ആര് ഓ റിയോ ജോണി എന്നിവര്‍ സന്നിഹിതരായിരുന്നു. സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം ശ്രീ ഷീജോ വര്‍ഗീസ് നടത്തിയപ്പോള്‍, മറ്റ് അതിഥികള്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ഷൈലി തോമസ് സ്വാഗതവും , കലാമേള കോഓര്‍ഡിനേറ്റര്‍ ശ്രീ ജോബി മാത്യു നന്ദിയും അര്‍പ്പിച്ചു.

കലാമേളക്ക് കൂടുതല്‍ മാറ്റ് കൂട്ടുന്നതിന്റെ ഭാഗമായി യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ കലാമേള നഗറില്‍ വൈകുന്നേരം 4 മണിയോടെ എത്തി. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥികളായി അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിമാരായ ശ്രീ സണ്ണിമോന്‍ മത്തായി, ശ്രീമതി റെയ്മോള്‍ നിധിരി എന്നിവര്‍ സന്നിഹിതരായിരുന്നു.



വെയില്‍സിലെ മലയാളി സമൂഹത്തിന് ഒരുമയുടെയും കലാസ്നേഹത്തിന്റെയും ഉത്സവമായി മാറിയ റീജിയണല്‍ കലാമേള 2026-നെ വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാ മലയാളി കുടുംബങ്ങളെയും സംഘാടകരായ യുക്മ വെയില്‍സ് റീജിയന് അഭിനന്ദിച്ചു. ഈ വര്‍ഷത്തെ യുക്മ വെയില്‍സ് റീജിയന് കലാമേളക്ക് സാമ്പത്തിക സഹായം തന്നിരുന്നത് ടൈറ്റില്‍ സ്പോണ്സര് ആയ അപ്റ്റസ് ലീഗല്‍, മറ്റ് സ്പോണ്‍സര്‍മാരായ ലൈഫ് ലൈന്‍ പ്രൊട്ടക്ട്, യുക്മ ന്യൂസ്, ജെ എം പി സോഫ്റ്റ്വെയര്, ബെല്ലവിസ്റ്റ ഗ്രൂപ്പ്, ചിക്കിങ്സ് ന്യൂപോര്‍ട്, ജിയാ ട്രാവല്‍ & ഹോളിഡേയ്സ്, എല്‍ ടി സി ഗ്ലോബല്‍ ലിവര്‍പൂള്‍ , മല്ലു ഷോപ്പ് കാര്‍ഡിഫ്, ഗ്രാബി ബ്രിഡ്ജ്ണ്ട് എന്നിവരാണ്. ഈ സ്പോണ്‍സര്‍മാരുടെ സഹായത്തിന് നന്ദി സൂചകമായി എല്ലാവര്ക്കും യുക്മ റീജിയണല്‍ കമ്മിറ്റി പ്രത്യേക ഉപകാരം നല്കി അഭിനന്ദനം അര്‍പ്പിച്ചു.

