CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 55 Seconds Ago
Breaking Now

2026 ലെ കേളി പുരസ്‌കാരം ശ്രേയ മേനോന്

നവംബര്‍ ഏഴിന് വൈകിട്ട് 3.30ന് ബാര്‍ക്കിങ്ങിലെ റിപ്പിള്‍ സെന്ററില്‍ നടക്കുന്ന കേരളപ്പിറവി ആഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കും

യുകെയിലെ മലയാളി കലാ-സാംസ്‌കാരിക സംഘടനയായ കേളിയുടെ 2026ലെ കേളി പുരസ്‌കാരത്തിന് ശ്രേയ മേനോന്‍ അര്‍ഹയായി. കേരളീയ സാംസ്‌കാരിക പൈതൃകത്തോടുള്ള പ്രതിബദ്ധത, കായികരംഗത്തെ നേട്ടങ്ങള്‍, അര്‍പ്പണബോധത്തോടെയുള്ള പ്രചോദനാത്മക ജീവിതയാത്ര എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. 

ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ഷൈജു ഉണ്ണികൃഷ്ണമേനോന്‍ സൗമ്യ ദമ്പതികളുടെ മകളാണ് ശ്രേയ. പതിനാറുകാരിയായ ശ്രേയ ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റിലുള്ള സെന്റ് ഏയ്ഞ്ചലാസ് സ്‌കൂളില്‍ എ-ലെവല്‍ പഠനം നടത്തുന്നു.

നാലാം വയസ്സില്‍ കലാരംഗത്തേക്ക് കടന്ന ശ്രേയ നാടകം, സംഗീതം, നൃത്തം, പരമ്പരാഗത കലകള്‍ എന്നിവയില്‍ ശ്രദ്ധേയമായ കഴിവ് തെളിയിച്ചിട്ടുണ്ട്. ദി ലയണ്‍ കിങ് ഉള്‍പ്പെടെയുള്ള സ്‌കൂള്‍ നാടകങ്ങളിലും നിരവധി മലയാള നാടകങ്ങളിലും വേഷമിട്ടു. കലാഭവന്‍ ലണ്ടന്റെ ചെമ്മീന്‍, ആത്മരൂപന്‍, തെയ്യം, ശുക്രനക്ഷത്രം തുടങ്ങിയ നാടകങ്ങളിലെ പ്രകടനങ്ങളും ശ്രദ്ധേയമായി.

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ശ്രേയ വിവിധ വേദികളില്‍ നൃത്താവതരണങ്ങളും നടത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി വിനോദ് നവധാരയുടെ കീഴില്‍ ചെണ്ട അഭ്യസിക്കുന്ന ശ്രേയ ചെണ്ട അരങ്ങേറ്റവും പൂര്‍ത്തിയാക്കി.

കായികരംഗത്തും നേട്ടങ്ങളുടെ പട്ടിക നീളുന്നു. അഞ്ചാം വയസ്സില്‍ കരാട്ടെ പരിശീലനം ആരംഭിച്ച ശ്രേയ ഈ വര്‍ഷം ബ്ലാക്ക് ബെല്‍റ്റ് നേടി. സ്‌കൂള്‍ റൗണ്ടേഴ്‌സ്, ക്രിക്കറ്റ് ടീമുകളിലെ സജീവ അംഗമായ ശ്രേയയ്ക്ക് 2024ലും 2025ലും തുടര്‍ച്ചയായി 'കോച്ചസ് പ്ലെയര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം ലഭിച്ചു. എസെക്‌സ് കൗണ്ടി ഗേള്‍സ് ക്രിക്കറ്റ് ടീമില്‍ ഇടം നേടിയതും ശ്രദ്ധേയ നേട്ടമാണ്.

പഠനത്തിലും നേതൃത്വപാടവത്തിലും മികവ് തെളിയിച്ച ശ്രേയയ്ക്ക് പ്രൈമറി സ്‌കൂളിലെ ബെസ്റ്റ് ഔട്ട്‌ഗോയിങ് സ്റ്റുഡന്റ് അംഗീകാരവും സില്‍വര്‍ ഡ്യൂക്ക് ഓഫ് എഡിന്‍ബറ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

നാടകം, സംഗീതം, നൃത്തം, ചെണ്ട, കായികം തുടങ്ങി വിവിധ മേഖലകളില്‍ കഴിവും കഠിനാധ്വാനവും കൊണ്ട് മുന്നേറുന്ന ശ്രേയയുടെ നേട്ടങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനമാണ്. നവംബര്‍ ഏഴിന് വൈകിട്ട് 3.30ന് ബാര്‍ക്കിങ്ങിലെ റിപ്പിള്‍ സെന്ററില്‍ നടക്കുന്ന കേരളപ്പിറവി ആഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കും

 




കൂടുതല്‍വാര്‍ത്തകള്‍.