
















ഇസ്രയേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം നേടാനായില്ല. മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റും ഗാദി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് 48 സീറ്റും ലഭിച്ചു. അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റുകളാണ് ലഭിച്ചത്. 120 അംഗ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 61 സീറ്റുകള്‍ ആവശ്യമാണ്. 27 സീറ്റുകള്‍ നേടിയ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
സര്‍ക്കാര്‍ രൂപീകരണത്തില്‍ നെതന്യാഹു സഖ്യത്തിനൊപ്പം ചേരില്ലെന്ന് യഷാര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ട് നിലപാട് ആവര്‍ത്തിച്ചതോടെ അറബ് ജോയിന്റ് ലിസ്റ്റുമായി പ്രതിപക്ഷ സഖ്യം രൂപീകരിക്കുമോയെന്ന ചര്‍ച്ചകള്‍ സജീവമായി. നവംബര്‍ നാലിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം. പാര്‍ലമെന്റ് സ്പീക്കറും ലിക്കുഡ് നേതാവുമായ അമീര്‍ ഒഹാനയെ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഭൂരിപക്ഷം ഉറപ്പിക്കാന്‍ പ്രതിപക്ഷം സഹായം തേടിയതായി ജോയിന്റ് ലിസ്റ്റിലെ പ്രധാന പാര്‍ട്ടിയായ തആല്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, അറബ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിന് പകരം ഐസന്‍കോട്ടിനെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് യഷാര്‍ പാര്‍ട്ടി സഖ്യവുമായി കൈകോര്‍ക്കാന്‍ നെതന്യാഹു പക്ഷം തയ്യാറാകുമോയെന്നതും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്നും മറ്റൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പാര്‍ട്ടികളോട് ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇസ്രയേലില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ അറബ് പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാകുമെന്നതിനാല്‍ അടുത്ത നീക്കങ്ങള്‍ ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.