Breaking Now

സജിന്‍ കുഞ്ഞാപ്പു ബലിയാടോ ? യുക്മ ഇടപെടുന്നു

ചിചെസ്റ്ററിലെസജിന്‍ കുഞ്ഞാപ്പുവിനു നീതി ഉറപ്പു വരുത്തുന്നതിനുള്ള ശ്രമങ്ങളുമായി മുമ്പോട്ട് നീങ്ങാന്‍ യുക്മ തീരുമാനിച്ചു

ചിചെസ്റ്ററിലെ എന്‍എച്ച്എസ് ട്രസ്റ്റിനു കീഴിലുള്ള സെന്റ് റിച്ചാര്‍ഡ്‌സ് ഹോസ്പിറ്റലില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരവേ ലൈംഗീക അതിക്രമം ആരോപിക്കപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ ആകുകയും തുടര്‍ന്ന് കുറ്റാരോപിതനായി റിമാന്റ് ചെയ്യപ്പെടുകയും ചെയ്യപ്പെട്ടിരിക്കുന്ന സജിന്‍ കുഞ്ഞാപ്പുവിന് മനുഷ്യത്വപൂര്‍ണ്ണമായ പരിഗണനയും നീതിയും നിഷേധിക്കപ്പെട്ടു എന്ന് പ്രഥമദൃഷ്ട്യാ സംശയം നിലനില്‍ക്കുന്നതിനാല്‍ യുകെ മലയാളികളുടെ പൊതു സംഘടനയായ യുക്മ ഈ പ്രശ്‌നത്തില്‍ ഇടപെടുന്നതിനും കുറ്റം നിഷേധിച്ചിരിക്കുന്ന സജിന്‍ കുഞ്ഞാപ്പുവിനു നീതി ഉറപ്പു വരുത്തുന്നതിനുള്ള ശ്രമങ്ങളുമായി മുമ്പോട്ട് നീങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു.

ചിചെസ്റ്ററിലെ മലയാളികള്‍ ഒറ്റക്കെട്ടായി സജിന്‍ കുഞ്ഞാപ്പുവിന്റെ പിന്നില്‍ അണി നിരക്കുകയും അത്രമേല്‍ സല്‍ഗുണ സമ്പന്നനായ ഈ യുവാവ് അങ്ങിനെ ഒരു കൃത്യം ചെയ്തിരിക്കാന്‍ ഒരു സാദ്ധ്യതയും ഇല്ല എന്ന് ഉറപ്പു പറയുകയും അത് കൂടാതെ പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന സമയത്ത് പോലീസ് ഒരേ ഒരു പ്രാവശ്യം മാത്രം അനുവദിച്ച നൈമിഷികമായ ഒരു ഫോണ്‍  കോളില്‍ തന്റെ ഉറ്റ സുഹൃത്തായ കമലിനോടു 'ഞാന്‍ അങ്ങിനെ ചെയ്തിട്ടില്ല' എന്ന സജിന്‍ കുഞ്ഞാപ്പുവിന്റെ വാക്കിനെ വിശ്വാസത്തിലും എടുത്ത് യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ ഈ മലയാളിക്ക് നീതി ലഭ്യമാക്കാന്‍  യുക്മ തീരുമാനമെടുത്തത്.

യുകെയിലെ വിവിധ നിയമവിദഗ്ദ്ധരും ആയി ഇക്കാര്യം ചര്‍ച്ച ചെയ്ത യുക്മ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖേന പരാതി സമര്‍പ്പിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന് ഓഫീസ് ലണ്ടനില്‍ നിന്നും സജിന്‍ കുഞ്ഞാപ്പുവിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിനും വിവരങ്ങള്‍ ആരാഞ്ഞ് വേണ്ട സഹായങ്ങള്‍ ഒരുക്കുന്നതിനും ഉള്ള നടപടികള്‍ ആണ് ചെയ്തിരിക്കുന്നത്.പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന സജിന്‍ കുഞ്ഞാപ്പുവിന്  യുകെ ഗവണ്‍മെന്റ്  'ലീഗല്‍ എയിഡ്' ലഭ്യമാക്കി എങ്കിലും മലയാളം അറിയാവുന്ന ഒരു സോളിസിട്ടറെ ഏര്‍പ്പാടാക്കി ഇല്ല എന്നാ ഒരു ആരോപണവും നിലനില്‍ക്കുന്നുണ്ട്. കൂടാതെ ഒരു മലയാളം പരിഭാഷകനെ ഇക്കാര്യത്തില്‍ അദ്ദേഹത്തിനു ലഭ്യമാക്കിയോ എന്നതും അന്വഷണത്തിലാണ്. പൂര്‍ണ്ണ ഗര്‍ഭിണിയായി നാട്ടില്‍ ഉള്ള ഭാര്യയുമായി പോലും സംസാരിക്കാന്‍ അനുവദിക്കാത്ത സാഹചര്യവും സംശയാസ്പദം ആയതുകൊണ്ട് സജിന്റെ ഭാര്യയെ കൊണ്ടു സ്വദേശമായ ചാലക്കുടിയില്‍ ബഹുമാനപ്പെട്ട കെ പി ധനപാലന്‍ എം പി മുഖേന കേന്ദ്ര ഗവണ്മെന്റിനു പരാതി സമര്‍പ്പിക്കാനും ശ്രമിച്ചു വരുന്നു.

യു കെ യിലെ മലയാളികളെ പൊതുവായി അപമാനിക്കാനുള്ള ഒരു കാരണമായി ഇത് മാറിയേക്കാം എന്നാ ഭീദിതമായ ഒരു സത്യം ഇവിടത്തെ നേഴ്‌സിംഗ്‌കെയര്‍ഹോസ്പിറ്റല്‍ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ആശങ്കയായി നില കൊള്ളുന്നു എന്നതും, നിരപരാധിയാണെങ്കില്‍ സജിന്‍ കുഞ്ഞാപ്പുുവിനെ രക്ഷിക്കാന്‍ ഒരു മലയാളി സംഘടന എന്ന നിലയില്‍ ഉള്ള ധാര്‍മ്മിക ഉത്തരവാദിത്തവും ആണ് യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ പിയെയും, സെക്രട്ടറി ബാലസജീവ് കുമാറിനെയും, ലീഗല്‍ അഡൈ്വസര്‍ അഡ്വ ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലിനെയും സജിന്‍ കുഞ്ഞാപ്പുവിനു നീതി ഉറപ്പുവരുത്തുന്നതിന് ഉള്ള പോരാട്ടത്തിനു പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ യുകെയിലെ എല്ലാ മലയാളികളുടെയും സഹകരണം യുക്മ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍വാര്‍ത്തകള്‍.