
















ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ് ആലാ അബെദ് എല്‍ ഫത്തായെ ബ്രിട്ടനിലേക്ക് തിരികെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ കുരുക്കിലായി. സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ നടത്തിവന്ന ഞെട്ടിക്കുന്ന പോസ്റ്റുകളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് സ്വാഗതം ചെയ്ത് നാണംകെട്ടതോടെ പ്രധാനമന്ത്രി വിശദീകരിക്കുന്നത്.
എല്‍-ഫത്തയെ സ്വാഗതം ചെയ്ത മുന്‍ അഭിപ്രായപ്രകടനം വ്യാപക വിമര്‍ശനത്തിനാണ് വഴിയൊരുക്കിയത്. ഈജിപ്ഷ്യന്‍ ജയിലില്‍ പത്ത് വര്‍ഷത്തിലേറെ തടവുശിക്ഷ അനുഭവിച്ച ശേഷമാണ് ഇയാള്‍ മോചിചനായത്. എന്നാല്‍ മുന്‍പ് 'സിയോണിസ്റ്റുകളുടെയും, ബ്രിട്ടീഷ് പോലീസിന്റെയും' മരണത്തിനായി മുറവിളി കൂട്ടിയ എല്‍ ഫത്താ, ബ്രിട്ടീഷുകാരെ കുരങ്ങുകളെന്നാണ് വിശേഷിപ്പിച്ചിരുന്നത്. 
എല്‍ ഫത്തയുടെ തിരിച്ചുവരവ് ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിയും, ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പറും ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഈ ആഘോഷത്തിന്റെ ചൂട് മാറുന്നതിന് മുന്‍പ് ഇയാളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ കുറിച്ച് പ്രധാനമന്ത്രിക്ക് വിവരം ലഭിച്ചെന്നാണ് കരുതുന്നത്. ഇതോടെ മുന്‍ പ്രഖ്യാപനങ്ങള്‍ തിരുത്തുകയും ചെയ്തു.
'എല്‍ ഫത്താ മുന്‍പ് നടത്തിയ ട്വീറ്റുകളെ ഗവണ്‍മെന്റ് അപലപിക്കുന്നു, അത് നിന്ദ്യമാണ്. എന്നിരുന്നാലും ബ്രിട്ടീഷ് പൗരനായ ഇയാളെ ജയിലില്‍ നിന്നും മോചിപ്പിച്ച് യുകെയിലെ കുടുംബത്തോടൊപ്പം തിരികെ എത്തിക്കുകയെന്നത് ദീര്‍ഘകാല മുന്‍ഗണന നല്‍കിയ വിഷയമാണ്', ഫോറിന്‍ ഓഫീസിന്റെ തിരുത്തല്‍ പ്രസ്താവന വ്യക്തമാക്കി.
എന്നാല്‍ ഈജിപ്ഷ്യന്‍-ബ്രിട്ടീഷ് വിമതനായ എല്‍ ഫത്തായുടെ യുകെ പൗരത്വം റദ്ദാക്കി നാടുകടത്തണമെന്ന് കണ്‍സര്‍വേറ്റീവുകള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസ്താവനകളെ ടോറി ജസ്റ്റിസ് വക്താവ് റോബര്‍ട്ട് ജെന്റിക്ക് അപലപിച്ചു. ഗവണ്‍മെന്റ് കൂടുതല്‍ മോശമാകുകയാണെന്ന് റിഫോം നേതാവ് നിഗല്‍ ഫരാഗ് കുറ്റപ്പെടുത്തി.