
















നുണ പറയുമ്പോള്‍ ശ്രദ്ധിച്ച് പറയേണ്ട കാലമാണ്. ചിലപ്പോള്‍ സോഷ്യല്‍ മീഡിയ നമ്മളെ ചതിച്ചേക്കാം. എന്ത് കൊണ്ടാണെന്നല്ലേ? ഒരാളോട് നുണ പറഞ്ഞ ശേഷം എടുക്കുന്ന ഒരു സെല്‍ഫി മതി എല്ലാം പൊളിയാന്‍. ഈ വിധത്തില്‍ നുണയടിച്ച് ജോലിയില്‍ നിന്നും ഓഫെടുത്ത പാരാമെഡിക്കിനെ കുടുക്കിയതും ഇത്തരമൊരു സോഷ്യല്‍ മീഡിയ പോസ്റ്റാണ്.
സഹോദരി ആശുപത്രിയിലാണെന്ന് അവകാശപ്പെട്ട് ലീവ് ഒപ്പിച്ച പാരാമെഡിക്കിനെയാണ് ഇപ്പോള്‍ ജോലിയില്‍ നിന്നും പുറത്താക്കിയത്. വീട്ടിലെ ക്രിസ്മസ് ഒരുക്കങ്ങളുടെ ചിത്രം സഹോദരി ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതാണ് വിനയായത്.
ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസില്‍ ജോലി ചെയ്ത നതാലി ടോമിയാണ് തന്റെ സഹോദരി അത്യാഹിത വിഭാഗത്തിലാണെന്നും, ഇപ്പോള്‍ സ്ഥിതി മോശമായതിനാല്‍ ഒപ്പം നില്‍ക്കേണ്ടതുണ്ടെന്നും ഇമെയില്‍ ചെയ്തത്. എന്നാല്‍ സഹോദരിക്കൊപ്പം ക്രിസ്മസ് ഡെക്കറേഷന്‍ ചെയ്യുന്ന ചിത്രങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നും ആംബുലന്‍സ് സര്‍വ്വീസ് കണ്ടെത്തിയതാണ് വിനയായത്.
മെക്‌സിക്കോയിലെ ഹോളിഡേയെ കുറിച്ചും പാരാമെഡിക്ക് ഓണ്‍ലൈനില്‍ വാചാലയായി. ഇതേക്കുറിച്ച് ചോദ്യം ഉയര്‍ന്നെങ്കിലും തന്റെ നിലപാടില്‍ ടോമി ഉറച്ചുനിന്നു. ഇതിനിടെ ജോലി സമയത്ത് മദ്യപിച്ച് എത്തിയതോടെ ഇവരെ ഫ്രണ്ട്‌ലൈന്‍ ഡ്യൂട്ടികളില്‍ നിന്നും നീക്കി.
പിന്നീട് നുണകള്‍ പറഞ്ഞതിന്റെ പേരില്‍ ഇവരെ ഡിസ്മിസ് ചെയ്തു. ഇപ്പോള്‍ ഹെല്‍ത്ത് & കെയര്‍ പ്രൊഫഷണല്‍ ട്രിബ്യൂണല്‍ സര്‍വ്വീസാണ് ടോമിയെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്തത്.