
















ലേബര്‍ പാര്‍ട്ടി കണ്ട മധുരമനോജ്ഞ സ്വപ്‌നം ഇപ്പോള്‍ ബ്രിട്ടനില്‍ നടപ്പാക്കി വരികയാണ്. പണിയൊന്നും ചെയ്യാത്തവര്‍ക്ക് പണമൊഴുക്കി സസുഖം ജീവിക്കാനുള്ള വഴിയൊരുക്കുക. അതിന് വേണ്ടി പണിയെടുക്കുന്ന ജനങ്ങള്‍ക്ക് ഭാരം വലിക്കുക. ബെനഫിറ്റുകള്‍ വാരിക്കോരി നല്‍കുന്ന ഗവണ്‍മെന്റ് ആനുകൂല്യം കൈപ്പറ്റുന്ന രക്ഷിതാക്കള്‍ക്ക് അടുത്ത വര്‍ഷത്തോടെ 140,000 പൗണ്ടിന് തുല്യമായ ബമ്പര്‍ തുക സമ്മാനിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2 ചൈല്‍ഡ് ബെനഫിറ്റ് ക്യാപ്പ് റദ്ദാക്കിയ ഗവണ്‍മെന്റ് നടപടിയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്ന പ്രധാന കാരണം. വര്‍ഷത്തില്‍ 10,152 പൗണ്ട് മാത്രം വരുമാനമുള്ള മൂന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ വരുമാനം 76,000 പൗണ്ടിന് അടുത്തേക്ക് ഉയര്‍ത്താന്‍ കഴിയും. ഇതില്‍ ഒരു പെന്നി പോലും നികുതിയോ, നാഷണല്‍ ഇന്‍ഷുറന്‍സോ നല്‍കേണ്ടിയും വരില്ല.
ഇത് പ്രകാരം ഇവരുടെ വരുമാനം 140,000 പൗണ്ട് ശമ്പളം നേടുന്ന ഒരു വ്യക്തിക്ക് തുല്യമായി മാറുമെന്നാണ് ഡെയിലി മെയില്‍ കണക്കാക്കുന്നത്. ഒരു സിംഗിള്‍ പാരന്റിനാകട്ടെ ഇവരുടെ വരുമാനം 83,000 പൗണ്ടാക്കി വര്‍ദ്ധിപ്പിക്കാം. നികുതി കിഴിച്ച് 135,000 പൗണ്ട് ശമ്പളം വാങ്ങുന്നവര്‍ക്ക് തുല്യമാണ് ഈ തുക.
റേച്ചല്‍ റീവ്‌സിന്റെ ബെനഫിറ്റ് സ്ട്രീറ്റ് ബജറ്റിന് നന്ദി. ജോലി കുറച്ച് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സമ്മാനം നല്‍കുന്ന സിസ്റ്റം കൊള്ളാം, ഷാഡോ വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി ഹെലെന്‍ വാറ്റ്‌ലി പ്രതികരിച്ചു. വെല്‍ഫെയര്‍ സിസ്റ്റത്തിനായി പണം നല്‍കുന്നവര്‍ക്ക് ഗുണമില്ലാത്ത പദ്ധതിയില്‍ ഒരു ന്യായവുമില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.