വഴിച്ചോറില്ലാതൊരു ബലിച്ചോറ്
=================
സ്വപ്നത്തിൽ ഒരു മണമുണ്ട്
എനിക്കും മുൻപേ യാത്രപോയവരുടെ ..
ചന്ദനത്തിരികൾ എരിഞ്ഞടങ്ങുന്നതിന്റെ,
നെടുകെ പിളർന്ന നാളികേരത്തിൽ
നെയ്ത്തിരി കൊളുത്തിവച്ചതിന്റെ,
എടുത്ത് കിടത്തിയ
നീളൻ വാഴയിലയുടെ.
കുളിപ്പിച്ചെടുത്ത തെളിനീരിന്റെ,
ഞാൻ എത്ര തൊടാതിരുന്നിട്ടും
നിങ്ങളെന്റെ നെറ്റിയിൽ
നീട്ടി വലിച്ച കളഭകുറിയുടെ,
വട്ടംകെട്ടിയ വാടിയ പൂക്കളുടെ,
നിലവിളിച്ച് നിങ്ങളുതിർത്ത
കണ്ണീരുണങ്ങിയ ഉപ്പിന്റെ,
തണ്ടിലേറ്റി ചുമലിലെടുത്ത
നിങ്ങൾ നാലുപേരുടെ,
മുന്നിൽ ഓലച്ചൂട്ടിന്
തീ പകർന്ന് കൂടെ വരുന്നതിന്റെ,
മുറത്തിൽ എരിഞ്ഞ് പുകഞ്ഞുകൊണ്ടിരിക്കുന്ന
ആളിക്കത്താൻ വെമ്പൽ കൊള്ളുന്ന നെല്ലുമിയുടെ,
എന്റെ ജീവിതം പോലെ
ഒന്നിനും കൊള്ളില്ലെന്നു പറഞ്ഞ്
നിങ്ങൾ തള്ളിയ ഒരു കൊട്ടതേങ്ങയുടെ,
നിങ്ങൾ വാരിയിട്ട ഓരോപിടി മണ്ണിന്റെ,
പിന്നെ ഒന്നായി മൂടിയതിന്റെ..
മൺപാനിയിൽ വെള്ളം നിറച്ച്
തോർന്നിറങ്ങിയ ജീവിതം പോലെ
മൂന്ന് വച്ചപ്പോൾ പുതുമഴകൊണ്ട മണ്ണിന്റെ,
പിന്നെ,
ഞാൻ എറിഞ്ഞുടച്ച എന്റെ ജീവിതം പോലെ
നിങ്ങൾ ആ മൺപാനി എറിഞ്ഞുടച്ചപ്പോൾ
ചിന്നിച്ചിതറിയ ഓട്ടുകഷ്ണങ്ങളുടെ,
മൺകൂനയ്ക്ക് മുകളിൽ
കുഴിച്ചിട്ട തൈമരത്തിന്റെ,
പൂത്ത് കായ്ക്കാൻ
എന്നിൽ നല്ലതൊന്നും അവശേഷിപ്പില്ലെങ്കിലും.
എള്ളും പൂവും അരിയുമെറിഞ്ഞ്
വായിക്കരിയിട്ടതിന്റെ,
അങ്ങനെ..
ജീവിതത്തിൽ അറിയാൻ ശ്രമിക്കാത്ത
മണ്ണിന്റെ മണത്തിലേക്ക്
ഞാൻ അലിഞ്ഞമർന്ന് തീരുന്നതിന്റെ,
എന്നിട്ടും
എനിക്കെന്റെ മണം കിട്ടിയില്ലല്ലോയെന്ന
ഓർമ്മയാണെന്നെ വിളിച്ചുണർത്തിയത്
മരണത്തിന് ഇത്രയും മണമുണ്ടെന്ന് പറഞ്ഞ്.