Breaking Now

വധശിക്ഷ: ഇന്ത്യന്‍ നിലപാടിനെതിരെ മനുഷ്യാവകാശസംഘടനകള്‍

വധശിക്ഷ ഏതുസാഹചര്യത്തിലായാലും ദയാരഹിതവും വിപരീതഫലം ഉണ്ടാക്കും : ഹ്യൂമന്‍ റൈറ്റ് വാച്ചസ്

വധശിക്ഷ സംബന്ധിച്ച ഇന്ത്യന്‍നിലപാടില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശസംഘടനകള്‍ രംഗത്ത്.

പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നതും വിധിക്കുന്നതും അവസാനിപ്പിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. മൂന്നുമാസത്തിനിടെ രണ്ട് വധശിക്ഷ നടപ്പാക്കിയ സാഹചര്യത്തിലാണ് സംഘടനകളുടെ ഈ പ്രതികരണം.

വധശിക്ഷ ഏതുസാഹചര്യത്തിലായാലും ദയാരഹിതവും വിപരീതഫലം ഉണ്ടാക്കുന്നതുമാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ 'ഹ്യൂമന്‍ റൈറ്റ് വാച്ചസ്' എന്ന സംഘടന അഭിപ്രായപ്പെട്ടു. അഫ്‌സല്‍ ഗുരുവിനെ ഇപ്പോള്‍ തൂക്കിക്കൊല്ലേണ്ട ആവശ്യമെന്തായിരുന്നെന്നും സംഘടനയുടെ ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി ചോദിച്ചു. രാജ്യത്ത് വധശിക്ഷ നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലണ്ടന്‍ കേന്ദ്രമായ 'ആംനസ്റ്റി ഇന്‍റര്‍നാഷണലും' സമാനഅഭിപ്രായം പ്രകടിപ്പിച്ചു. ലോകംമുഴുവന്‍ വധശിക്ഷയില്‍നിന്ന് പിന്തിരിയുമ്പോള്‍ ഇന്ത്യയുടെ നിലപാട് വിരുദ്ധമാകുന്നത് ഖേദകരമാണെന്നും ഇന്ത്യന്‍ ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ പ്രോഗ്രാം ഡയറക്ടര്‍ ശശികുമാര്‍ വെലാത് പറഞ്ഞു. അഫ്‌സല്‍ ഗുരുവിന് അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കാന്‍ കഴിവുള്ള അഭിഭാഷകനെ നല്‍കിയില്ല. നടപടിക്രമങ്ങള്‍ രഹസ്യമാക്കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയാണ് അഫസല്‍ ഗുരുവിനെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. മുംബൈ ഭീകാരക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കി മൂന്നുമാസം കഴിയുംമുമ്പാണ് അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയത്.




കൂടുതല്‍വാര്‍ത്തകള്‍.