കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ ഉപയോക്താക്കളുടെ ആശങ്കകള്‍ ഫേസ്ബുക്ക് കാര്യമായി എടുക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. അതിശക്തമായ എംപിമാരുടെ ലിയാസണ്‍ കമ്മിറ്റിക്ക് മുന്‍പാകെ തെളിവ് നല്‍കാനെത്തിയ തെരേസ മേയ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. 50 മില്ല്യണ്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്ന ഘട്ടത്തില്‍ ഇതിന് കൃത്യമായ വിശദീകരണം ആവശ്യമാണെന്നും മേയ് വ്യക്തമാക്കി.
കള്‍ച്ചര്‍, മീഡിയ, സ്‌പോര്‍ട്ട് കമ്മിറ്റി മുന്‍പാകെ ഹാജരാകാനുള്ള നിര്‍ദ്ദേശം മാര്‍ക്ക് സക്കര്‍ബര്‍ഗ് തള്ളിയിരുന്നു. പകരം വേറെ ആളെ അയയ്ക്കാമെന്നാണ് ഫേസ്ബുക്ക് മേധാവി പറഞ്ഞത്. ഈ മറുപടി അക്ഷരാര്‍ത്ഥത്തില്‍ മുങ്ങലാണെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഡാമിയന്‍ കോളിന്‍സ് വ്യക്തമാക്കി.
ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ എവിടെ പോകുന്നുവെന്ന് അറിയാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് മേയ് ഓര്‍മ്മിപ്പിച്ചു. ഫേസ്ബുക്കും, കേംബ്രിഡ്ജ് അനലിറ്റിക്കയും ഇക്കാര്യത്തില്‍ ഇന്‍ഫൊര്‍മേഷന്‍ കമ്മീഷണര്‍ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കുമെന്നാണ് കരുതുന്നത്. കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകുന്ന കാര്യത്തില്‍ സക്കര്‍ബര്‍ഗിന് തീരുമാനമെടുക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സക്കര്‍ബര്‍ഗിന് പകരം ചീഫ് ടെക്‌നോളജി ഓഫീസര്‍ മൈക്ക് ഷ്രോപ്ഫര്‍ അല്ലെങ്കില്‍ ചീഫ് പ്രൊഡക്ട് ഓഫീസര്‍ ക്രിസ് കോക്‌സ് എന്നിവരില്‍ ആരെങ്കിലും വിശദീകരണം നല്‍കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്. ഈസ്റ്ററിന് ശേഷം ഇത് നടക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി.