കൈയിലുള്ള സ്മാര്‍ട്ട്‌ഫോണില്‍ എന്ത് ചെയ്താലും ആര് അറിയാന്‍ എന്ന ചിന്ത ഫേസ്ബുക്ക് വിവാദങ്ങളോടെ തകര്‍ന്നുകഴിഞ്ഞു. എന്നാല്‍ യുകെയിലെ പോലീസ് സേനകള്‍ ഇക്കാര്യത്തില്‍ ഇതിലും മഹത്തരമായ സേവനം നല്‍കിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതികളെന്ന് സംശയിക്കുന്നവര്‍, സാക്ഷികള്‍ എന്നുതുടങ്ങി ഇരകളുടെ വരെ സ്വകാര്യ ഡാറ്റ യുകെ പോലീസ് രഹസ്യമായി ഡൗണ്‍ലോഡ് ചെയ്യുന്നതായാണ് വ്യക്തമാകുന്നത്.
ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 26 സേനകളാണ് പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ ജനങ്ങള്‍ അറിയാതെ അവരുടെ ഡാറ്റ കൈക്കലാക്കുന്നത്. മെസേജുകള്‍ അത് എന്‍ക്രിപ്റ്റ് ചെയ്തതാണെങ്കില്‍ കൂടി ഓഫീസര്‍മാര്‍ക്ക് വായിക്കാം. കൂടാതെ ഫോട്ടോകള്‍, പാസ്‌വേര്‍ഡ്, ലൊക്കേഷന്‍ ഡാറ്റ, കോള്‍ ലോഗ്, ഇമെയില്‍, ഇന്റര്‍നെറ്റ് സേര്‍ച്ച് എന്നിവയും ഇവര്‍ക്ക് പരിശോധിക്കാം. ഇനി ഡിലീറ്റ് ചെയ്‌തെന്ന് കരുതി ആശ്വസിച്ചിരിക്കുന്ന ഫയലുകള്‍ ഉണ്ടെങ്കില്‍ അതും ഇവര്‍ക്ക് സിംപിളായി കാണാം.
അന്വേഷണവുമായി ബന്ധമില്ലാത്ത ചിത്രങ്ങളും പോലീസ് പരിശോധിക്കും. പൊതുജനങ്ങള്‍ അറിയാതെ രഹസ്യമായി ഇത് നടപ്പാക്കിയെന്ന് ക്യാംപെയിന്‍ ഗ്രൂപ്പായ പ്രൈവസി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു. വാറണ്ട് ഇല്ലാതെ തന്നെ ഇത് വിനിയോഗിക്കാന്‍ അവകാശം നല്‍കുന്നതോടൊപ്പം എപ്പോള്‍ ഡിലീറ്റ് ചെയ്യണമെന്നതിന് പരിധിയുമില്ല.
ഓരോ തവണയും വാറണ്ട് വാങ്ങണമെന്നത് പ്രായോഗികമല്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്. കൂടാതെ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ന്യായമായ കാരണങ്ങളില്‍ ഡാറ്റയില്‍ കൈവെയ്ക്കാന്‍ പോലീസിന് അവകാശമുണ്ടെന്ന് ഹോം ഓഫീസ് വക്താവും കൂട്ടിച്ചേര്‍ക്കുന്നു. അപ്പോള്‍ നിങ്ങളുടെ സ്വകാര്യ അവകാശമായ സ്മാര്‍ട്ട്‌ഫോണിലും, കമ്പ്യൂട്ടറിലും നടത്തുന്ന പരിപാടികള്‍ ഒരാള്‍ കാണുന്നുണ്ടെന്ന് തന്നെ അര്‍ത്ഥം!