പീഢാനുഭവത്തിന്റെ സ്മരണയില്‍ ലോകം മുഴുവന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയ സമയമാണിത്. കുരിശുമരണം വരിച്ച് മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റ ആ ത്യാഗത്തിന്റെ സ്മരണ പുതുക്കുമ്പോള്‍ തലയില്‍ തുളച്ചുകയറിയ ആണിയുമായി ഒരു മനുഷ്യന്‍ രണ്ട് ദിവസം കഴിച്ചുകൂട്ടിയ വാര്‍ത്തയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. മൂന്ന് ഇഞ്ച് നീളമുള്ള ആണിയാണ് തലയിലൂടെ തുളച്ചുകയറിയത്. എന്നാല്‍ ഇത് എങ്ങിനെ ഇവിടെ സ്ഥാനം പിടിച്ചെന്ന് ഈ മനുഷ്യന് ഒരു പിടിയുമില്ല.
വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹാനോയിലെ മിലിറ്ററി ആശുപത്രിയിലെ ഡോക്ടര്‍മാരെ ഞെട്ടിച്ച് കൊണ്ടാണ് ഈ മനുഷ്യന്‍ കടന്നുവന്നത്. 60 വയസ്സുകാരനായ വു വാന്‍ തോ 48 മണിക്കൂറുകള്‍ക്ക് ശേഷമാണ് മെഡിക്കല്‍ സഹായം തേടിയത്. ഇദ്ദേഹത്തിന്റെ ബോധം നഷ്ടമാകാഞ്ഞതും, ഒരു തുള്ളി പോലും ചോര പൊടിഞ്ഞില്ലെന്നതും ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തി.
തലയോട്ടിയില്‍ നിന്നും അടിച്ചിറക്കിയ രൂപത്തിലാണ് ആണിയുടെ നില്‍പ്പ്. സ്‌കാനിംഗില്‍ ആണിയുടെ അവസ്ഥ ഞെട്ടിക്കുന്നതായിരുന്നു. തന്റെ 60-ാം പിറന്നാള്‍ ദിനത്തിലാണ് ആണിയുമായി വാന്‍ തോ ആശുപത്രിയിലെത്തുന്നത്. എങ്ങിനെ ഇത് സംഭവിച്ചുവെന്ന് വിശദീകരിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല.
മിലിറ്ററി ആശുപത്രിയില്‍ നടത്തിയ സര്‍ജറിയിലൂടെ ഈ ആണി പുറത്തെടുത്തിട്ടുണ്ട്. രോഗിയുടെ ആരോഗ്യ വിവരങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.