താനുമായുള്ള ബന്ധം വഷളായതോടെ പുതിയ പ്രണയബന്ധം കണ്ടെത്തിയ ഭാര്യയോട് അസൂയ മൂത്ത ഭര്‍ത്താവ് അവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുക്കി. 40 വയസ്സുകാരനായ ഡാരണ്‍ മെറിമാനാണ് റോച്ച്‌ഡെയിലിലെ വീട്ടില്‍ വെച്ച് ഭാര്യ എലിസബത്ത് മെറിമാനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന അക്രമസംഭവങ്ങളില്‍ 39-കാരിയെ ഇയാള്‍ പല തവണ കുത്തിയെന്ന് മാഞ്ചസ്റ്റര്‍ മിന്‍ഷള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയില്‍ വ്യക്തമായി.
ദമ്പതികള്‍ 16 വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ചു. ഇതിന് ശേഷമാണ് ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതും മരണത്തിലേക്ക് വരെ എത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതും. കഴിഞ്ഞ വേനല്‍ക്കാലത്ത് എലിസബത്ത് പുതിയ പ്രണയബന്ധം കണ്ടെത്തി. ഇതേക്കുറിച്ച് മനസ്സിലാക്കിയ മെറിമാന്‍ ഈ കാമുകന് ഭീഷണി സന്ദേശങ്ങള്‍ അയച്ചു തുടങ്ങി.
താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും, ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യുകയാണെന്നും ഒരു സുഹൃത്തിന് സന്ദേശം അയച്ച ശേഷമായിരുന്നു മെറിമാന്‍ ഭാര്യക്ക് നേരെ വാളുയര്‍ത്തിയത്. ഉച്ചമുതല്‍ കുടിച്ച് ലക്കുകെട്ട ശേഷം രാത്രി 10 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ ഭാര്യയുമായി തര്‍ക്കത്തിലായി. ഇതിന് ശേഷമായിരുന്നു 50 സെന്റിമീറ്റര്‍ നീളമുള്ള വാള്‍ ഇവരുടെ ശരീരത്തില്‍ കുത്തിയിറക്കിയത്. എലിസബത്ത് സംഭവസ്ഥലത്ത് വെച്ച് മരിച്ചു.
മെറിമാനെ അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് പോലീസ് കണ്ടെത്തുന്നത്. സ്വയം മുറിവേല്‍പ്പിക്കുകയും തൂങ്ങിമരിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. ജീവന്‍രക്ഷിക്കാനുള്ള സര്‍ജറി നടത്തിയ ശേഷമായിരുന്നു അറസ്റ്റ്.