നികുതികള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇനി ഏതെല്ലാം നികുതികള്‍ വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ മാത്രമാണ് സംശയം ബാക്കിയുള്ളത്. ഇതിനിടെ ഇന്‍കംടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ വര്‍ദ്ധിപ്പിക്കില്ലെന്ന് റേച്ചല്‍ റീവ്‌സ് അറിയിച്ചത് അല്‍പ്പം ആശ്വാസമായിട്ടുണ്ട്.
നികുതികള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ചാന്‍സലര്‍ക്ക് മറക്കേണ്ടി വരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. വളര്‍ച്ചാ മുരടിപ്പും, ലേബറിന്റെ യു-ടേണുകളും മൂലം 30 ബില്ല്യണ്‍ പൗണ്ട് വരെ വരുമാനം കണ്ടെത്തേണ്ട അവസ്ഥയാണ് റീവ്‌സ് നേരിടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
വിമത എംപിമാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ബെനഫിറ്റ് പരിഷ്‌കാരങ്ങള്‍ തിരുത്തേണ്ടി വന്നതിന്റെ ഭാഗമായി നികുതികള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ചാന്‍സലര്‍ ക്യാബിനറ്റ് മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും പ്രധാന നികുതികള്‍ കൂട്ടില്ലെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുമെന്നാണ് ട്രഷറി ശ്രോതസ്സുകള്‍ ആവര്‍ത്തിക്കുന്നത്.
കോമണ്‍സില്‍ ചോദ്യോത്തര വേളയില്‍ ചാന്‍സലര്‍ കരയുന്ന സ്ഥിതി പോലും കണ്ടതിന് ശേഷമാണ് അടുത്ത നീക്കങ്ങളില്‍ വ്യക്തത വരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് തന്റെ കണ്ണീരിന് പിന്നിലെന്ന് റീവ്‌സ് പിന്നീട് പറഞ്ഞു. ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന പ്രതീക്ഷിക്കാമെന്നാണ് സൂചന. ഇപ്പോള്‍ തന്നെ മോട്ടോറിംഗ് ടാക്‌സുകള്‍ വര്‍ദ്ധിച്ചതിന്റെ ആഘാതം നേരിടുന്ന ഡ്രൈവര്‍മാര്‍ക്ക് ഡ്യൂട്ടി വര്‍ദ്ധന കൂടി നേരിട്ടാല്‍ വേദന ഇരട്ടിക്കും.
അടുത്ത ബജറ്റില്‍ കിട്ടാവുന്നതെല്ലാം വര്‍ദ്ധിപ്പിക്കാനാണ് ചാന്‍സലര്‍ ആലോചിക്കുന്നത്. ഇത് ഡ്രൈവര്‍മാരെ ആശങ്കയിലാക്കുന്നുണ്ട്. ഇന്ധന പമ്പുകളില്‍ ചെലവേറുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന് എഎ മേധാവി എഡ്മണ്ട് കിംഗ് പറഞ്ഞു.