ബ്രിട്ടനിലെ പരമ്പരാഗത പാര്‍ട്ടികള്‍ ഇപ്പോള്‍ ഒരു മത്സരത്തിലാണ്. എന്താണ് ആ മത്സരമെന്നല്ലേ? നിഗല്‍ ഫരാഗിന്റെ റിഫോം യുകെ പാര്‍ട്ടി നടത്തുന്ന തീവ്ര നിലപാടുകളോട് കിടപിടിക്കാനുള്ള പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയാതെ വിയര്‍ക്കുമ്പോഴും അതിന് അടുത്തെത്താനുള്ള മത്സരത്തിലാണ് ലേബറും, ടോറികളും. എന്നാല്‍ ഇവരുടെ ഈ വിയര്‍പ്പൊഴുക്കല്‍ ഫലം കാണുന്നില്ലെന്നാണ് പുതിയ സര്‍വ്വെ വെളിപ്പെടുത്തുന്നത്.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ റിഫോം യുകെ 290 സീറ്റുകളുമായി ഏറ്റവും വലിയ ജേതാവായി മാറുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി പദത്തില്‍ വിരാജിക്കുന്ന കീര്‍ സ്റ്റാര്‍മരിനും, ഭരണം കൈയാളുന്ന ലേബര്‍ പാര്‍ട്ടിക്കും ആശ്വസിച്ച് ഇരിക്കാന്‍ കഴിയുന്നതൊന്നും വോട്ടര്‍മാര്‍ നല്‍കുന്നില്ല. എന്നുമാത്രമല്ല ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും ഇവരെ പുറംതള്ളാനുള്ള ഒരുക്കത്തിലാണ് ജനങ്ങളെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പ്രധാനമന്ത്രി സ്റ്റാര്‍മറുടെ റേറ്റിംഗ് സര്‍വ്വകാല തകര്‍ച്ചയാണ് നേരിടുന്നത്. പൊതുതെരഞ്ഞെടുപ്പ് ആവര്‍ത്തിച്ചാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി കേവലം 126 സീറ്റുകളിലായി ഒതുങ്ങുമെന്നാണ് കരുതുന്നത്. മോര്‍ ഇന്‍ കോമണ്‍ നടത്തിയ സര്‍വ്വെയിലാണ് ലേബറിന്റെ നില പരുങ്ങലിലാണെന്ന് കണ്ടെത്തിയത്.
കീര്‍ സ്റ്റാര്‍മറുടെ പ്രശ്‌നങ്ങളുടെ ഫലം സാധാരണമായി കണ്‍സര്‍വേറ്റീവുകള്‍ക്കാണ് അനുകൂലമാകേണ്ടത്. എന്നാല്‍ അതിന് വിപരീതമായി വരുന്ന തെരഞ്ഞെടുപ്പില്‍ ഇത് നിഗല്‍ ഫരാഗിന് അനുകൂലമാകുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 290 സീറ്റുകളെങ്കിലും വിജയിക്കുന്ന അവസ്ഥയിലാണ് ഫരാഗും, സംഘവും. സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 326 സീറ്റ് വേണം. നിലവിലെ സാഹചര്യം മെച്ചപ്പെടുകയും, ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഫരാഗിന്റെ പുത്തന്‍ പാര്‍ട്ടിക്ക് സാധിക്കുകയും ചെയ്യുമെന്ന് മോര്‍ ഇന്‍ കോമണ്‍ സര്‍വ്വെ ഉറപ്പിക്കുന്നു.