ബ്രിട്ടന്‍ ഇപ്പോഴും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇസ്ലാമിക തീവ്രവാദമെന്ന് മുന്നറിയിപ്പ് നല്‍കി ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍. 2005 ജൂലൈ 7 പുലര്‍ച്ചെ സമാധാനപരമായ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരെ കൊലപ്പെടുത്താന്‍ ഇസ്ലാമിക ചാവേര്‍ തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെടുകയും, 770 പേര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ 20-ാം വാര്‍ഷികത്തിലാണ് കൂപ്പര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്.
ജൂലൈ 7ന് ഭീകരവാദികള്‍ നടത്തിയ പൈശാചികമായ അക്രമത്തിന് പിന്നാലെ രാജ്യം കാണിച്ച ധൈര്യവും, സഹാനുഭൂതിയും സ്മരിക്കാന്‍ ചാള്‍സ് രാജാവ് വാര്‍ഷിക സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. ഐക്യത്തിന്റെ സന്ദേശത്തില്‍ നിന്നും മുറിവുണക്കി മുന്നോട്ട് പോകാന്‍ കഴിയുമെന്നതില്‍ ആശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, അപരിചിതരെ സഹായിക്കാന്‍ അപകടം മറന്ന് മുന്നിട്ടിറങ്ങിയവരെ പ്രശംസിക്കുകയും ചെയ്തു.
'രാജ്യത്തെ സമൂഹങ്ങള്‍ വിദ്വേഷത്തെ വിജയിക്കാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ്. ആ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതാണ്', തീവ്രവാദ വിരുദ്ധ പ്രോഗ്രാമുകളെ പ്രശംസിച്ച് വെറ്റ് കൂപ്പര്‍ പറഞ്ഞു. വീടുകളിലേക്ക് മടങ്ങിയെത്താന്‍ കഴിയാതെ പോയവരെ എല്ലാ ദിവസവും ഓര്‍മ്മിക്കുമെന്ന് ടോറി നേതാവ് കെമി ബാഡെനോക് പറഞ്ഞു. 'ഞാന്‍ ഇപ്പോഴും അതെല്ലാം വ്യക്തമായി ഓര്‍മ്മിക്കുന്നു. ആ ദിവസത്തെ വേദന ഇപ്പോഴും വഹിക്കുന്നവര്‍ക്കൊപ്പമാണ് നിലയുറപ്പിക്കുന്നത്. ആ ദിവസം വീടുകളില്‍ മടങ്ങിയെത്താന്‍ കഴിയാത്ത കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സഹജീവനക്കാരുമുണ്ട്. അവരെ നമ്മള്‍ എന്നും ഓര്‍മ്മിക്കും', ബാഡെനോക് പറഞ്ഞു.
ലണ്ടനിലെ ട്യൂബുകളിലും, ബസിലും നടന്ന ഭീകരാക്രമണത്തിന്റെ സ്മരണ പുതുക്കി ബ്രിട്ടനില്‍ സര്‍വ്വീസുകളും, മെമ്മോറിയലുകളും സംഘടിപ്പിക്കും. പരിപാടികളില്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ പങ്കെടുക്കും. സെന്റ് പോള്‍സ് കത്തീഡ്രലിലെ നാഷണല്‍ സര്‍വ്വീസ് ഓഫ് കമെമ്മോറേഷനില്‍ എഡിന്‍ബര്‍ഗ് ഡ്യൂക്കും, ഡച്ചസും ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്.