CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 47 Seconds Ago
Breaking Now

സ്വര്‍ണക്കടത്ത് പ്രതികളെ വിട്ടുകിട്ടണമെന്ന് യു.എ.ഇയോട് ആവശ്യപ്പെടാതെ ഇന്ത്യ; അന്വേഷണ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ് ഉള്‍പ്പെടെയുള്ളവരെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ ഇനിയും യു.എ.ഇക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടില്ല.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതികളെ വിട്ടുകിട്ടണമെന്ന ആവശ്യം യു.എ.ഇക്ക് മുന്നില്‍ ഉന്നയിക്കാതെ ഇന്ത്യ. എന്‍ഐഎ സംഘം യു.എ.ഇയില്‍ നിന്നു മടങ്ങിയ ശേഷം ഇതുമായി ബന്ധപ്പെട്ട് യാതൊരു തുടര്‍നടപടിയും ഉണ്ടായിട്ടില്ല. അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.ഇ നടത്തിയ അന്വേഷണ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയെന്നാണ് വിവരം.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ് ഉള്‍പ്പെടെയുള്ളവരെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ ഇനിയും യു.എ.ഇക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടില്ല. ആഗസ്റ്റ് 10ന് രണ്ടംഗ എന്‍.ഐ.എ സംഘം യു.എ.ഇയിലെത്തി തെളിവുകള്‍ ശേഖരിച്ചു മടങ്ങിയതാണ്. ഫൈസല്‍ ഫരീദിനെതിരെ മൂന്ന് ചെക്ക് കേസുകള്‍ യു.എ.ഇയില്‍ ഉണ്ടെങ്കില്‍ തന്നെയും ഇന്ത്യ ആവശ്യപ്പെട്ടാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

കോണ്‍സുലേറ്റിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന അറ്റാഷെ ഉള്‍പ്പെടെയുള്ളവര്‍ യു.എ.ഇയില്‍ തന്നെയാണുള്ളത്. യു.എ.ഇ പ്രഖ്യാപിച്ച അന്വേഷണ ഭാഗമായി ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രണ്ട് രാജ്യങ്ങളിലെയും അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ കേസുമായി ബന്ധപ്പെട്ട് മികച്ച ഏകോപനം ഉണ്ടെന്ന് യു.എ.ഇ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കേസുമായോ പുതിയ വിവാദങ്ങളുമായോ ബന്ധപ്പെട്ട് പരസ്യ പ്രതികരണമൊന്നും നടത്തേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യു.എ.ഇ അധികൃതര്‍.

അതേസമയം നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ പിഎസ്. സരിത്, സ്വപ്ന സുരേഷ്, ഫൈസല്‍ ഫാരിദ്, സന്ദീപ് നായര്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടിയെടുക്കും . ഇതുസംബന്ധിച്ച അപേക്ഷ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.