CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 26 Seconds Ago
Breaking Now

മുട്ടിയിരുമ്മി പോയാല്‍ 100 പൗണ്ട് പിഴ; ഡ്രൈവര്‍മാര്‍ക്ക് പണിയൊരുക്കി പുതിയ മോട്ടോര്‍വേ ക്യാമറകള്‍; ടെയില്‍ഗേറ്റിംഗ് നടത്തിയാല്‍ പോക്കറ്റ് കാലിയാകും; രണ്ട് മാസത്തെ ട്രയല്‍സില്‍ കുരുങ്ങിയത് 26,000 വാഹനങ്ങള്‍

ട്രയല്‍സില്‍ കുരുങ്ങിയ ഡ്രൈവര്‍മാരില്‍ 3700 പേര്‍ പതിവായി ഈ കുറ്റം ചെയ്യുന്നവരാണെന്നും തിരിച്ചറിഞ്ഞു

ഇംഗ്ലണ്ടിലെ മോട്ടോര്‍വേകളില്‍ അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ റോഡ്‌സൈഡ് ക്യാമറകളുടെ സിസ്റ്റം വരുന്നു. മുന്നില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് പര്യാപ്തമായ അകലം പാലിക്കാതെ ടെയില്‍ഗേറ്റിംഗ് നടത്തിയാല്‍ 100 പൗണ്ട് പിഴ നല്‍കാനാണ് ഈ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ടെക്‌നോളജിയുടെ ട്രയല്‍സ് നോര്‍ത്താംപ്ടണ്‍ഷയറിലെ എം1ല്‍ നടത്തിയപ്പോള്‍ രണ്ട് മാസം കൊണ്ട് 26,000 ടെയില്‍ഗേറ്റേഴ്‌സിനെയാണ് പൊക്കിയത്. 

ഒക്ടോബര്‍ ആദ്യം മുതല്‍ ഡിസംബര്‍ ആദ്യ ആഴ്ച വരെയായിരുന്നു പരീക്ഷണം നടത്തിയതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്പീഡ് ക്യാമറകള്‍ക്ക് സമാനമായാണ് ഈ ക്യാമറകളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വ്യത്യസ്ത സമയങ്ങളില്‍ രണ്ട് കാറുകള്‍ തമ്മിലുള്ള അകലം പരിശോധിക്കാനും ഈ നടപടിയിലൂടെ സാധിക്കും. ടെയില്‍ഗേറ്റിംഗ് മൂലമാണോ കാറുകള്‍ അടുത്ത് വന്നതെന്നും, അല്ലാതെ പെട്ടെന്ന് ലെയിന്‍ മാറിയതോ, സഡന്‍ ബ്രേക്ക് ഇട്ടതോ മൂലമാണോ ഇത് സംഭവിച്ചതെന്നും ക്യാമറകള്‍ തിരിച്ചറിയും. 

ട്രയല്‍സില്‍ കുരുങ്ങിയ ഡ്രൈവര്‍മാരില്‍ 3700 പേര്‍ പതിവായി ഈ കുറ്റം ചെയ്യുന്നവരാണെന്നും തിരിച്ചറിഞ്ഞു. ഒരേ മോട്ടോര്‍വേയില്‍ ഡസന്‍ കണക്കിന് തവണ ടെയില്‍ഗേറ്റിംഗ് നടത്തുന്നവരുണ്ട്. കാറുകള്‍, വാനുകള്‍, ലോറികള്‍, ബസുകള്‍ എന്നിവയ്ക്ക് പുറമെ ഹെവി ഗുഡ്‌സ് വെഹിക്കിളുകളും ഈ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നത് പതിവാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 

ട്രയല്‍സ് വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും സിസ്റ്റം മറ്റിടങ്ങളിലേക്കും ഉടന്‍ വ്യാപിപ്പിക്കുമെന്നും ഹൈവേസ് ഇംഗ്ലണ്ട് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ടെയില്‍ഗേറ്റിംഗ് മൂലമാണ് 599 ഗുരുതര അപകടങ്ങളും, 28 അപകടങ്ങളില്‍ ഒരാളെങ്കിലും മരിക്കുകയും ചെയ്യാന്‍ ഇടയാക്കിയത്. എട്ടില്‍ ഒരു റോഡപകടവും ഈ രീതി മൂലമാണെന്നാണ് കണക്ക്. 100 പൗണ്ട് പിഴയും, ഡ്രൈവറുടെ ലൈസന്‍സില്‍ മൂന്ന് പോയിന്റുമാണ് പെനാല്‍റ്റി. എന്നാല്‍ പുതിയ സിസ്റ്റം പ്രോസിക്യൂഷനായി ഉപയോഗിക്കുന്നില്ല. 




കൂടുതല്‍വാര്‍ത്തകള്‍.