ഗ്രീസിലെ യുവരാജകുമാരന്‍, ബ്രിട്ടന്റെ രാജകുമാരിയെ ആദ്യ സമാഗമത്തില്‍ തന്നെ സ്വാധീനിച്ചത് കോളേജ് ടെന്നീസ് നെറ്റിന് മുകളിലൂടെ ചാടിയാണ്. വിവിധ ചടങ്ങുകളില്‍ ഒരുമിച്ചെത്തിയ അവര്‍ തമ്മില്‍ മികച്ച സൗഹൃദത്തിലേക്ക് മാറുന്നത് ഡാര്‍ട്ട്മൗത്തിലെ നേവല്‍ കോളേജില്‍ ജോര്‍ജ്ജ് രാജാവ് അഞ്ചാമനും, എലിസബത്ത് രാജ്ഞിയും തങ്ങളുടെ രണ്ട് പെണ്‍മക്കളുമായി സന്ദര്‍ശനം നടത്തുമ്പോഴാണ്.
1939 ജൂലൈയില്‍ അന്ന് 18 വയസ്സ് പ്രായമായിരുന്ന ഫിലിപ്പും, 13 വയസ്സുണ്ടായിരുന്ന എലിസബത്തും കണ്ടുമുട്ടി. ആ സമയം മുതല്‍ ഇരുവരും സ്ഥിരമായ ബന്ധം കാത്തുസൂക്ഷിച്ചു. 1943-ല്‍ ക്രിസ്മസ് ആഘോഷത്തിനായി വിന്‍ഡ്‌സറിലേക്ക് ഫിലിപ്പിനെ രാജകുടുംബം ക്ഷണിച്ചതോടെയാണ് ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തലക്കെട്ടുകളില്‍ ഇടംപിടിച്ചത്.
വിദേശിയായ, പരമ്പരാഗത ഇംഗ്ലീഷ് മാന്യന്‍മാരില്‍ പെടാത്ത ഒരു വ്യക്തി, അദ്ദേഹം ബ്രിട്ടീഷ് നേവിക്കൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്ത വ്യക്തി ആയിരുന്നിട്ടും പരമ്പരാഗത വാദികള്‍ സംശയത്തോടെയാണ് കണ്ടത്. പക്ഷെ ഈ സമയം കൊണ്ട് തന്നെ ഫിലിപ്പും, എലിസബത്തും പ്രണയബദ്ധരായിരുന്നു. 1946ല്‍ അനൗദ്യോഗികമായി ബാല്‍മോറാലില്‍ വെച്ച് എന്‍ഗേജ്‌മെന്റും നടന്നു. എലിസബത്ത് രാജകുമാരി 21 വയസ്സ് തികയുന്നത് വരെ ഔദ്യോഗിക പ്രഖ്യാപനം നീട്ടിവെച്ചു.
ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിച്ച ഫിലിപ്പ് 1947ല്‍ സ്വാഭാവിക ബ്രിട്ടീഷ് പൗരനായി മാറി. ഗ്രീക്ക് റോയല്‍ പദവി ഇദ്ദേഹം ഉപേക്ഷിക്കുകയും ചെയ്തു. 1947 നവംബറില്‍ നിരവധി രാജാക്കന്‍മാരും, രാജ്ഞിമാരെയും സാക്ഷിയാക്കി ഫിലിപ്പും, എലിസബത്തും വിവാഹിതരായി. ഭാര്യയെ ഒരുവട്ടം പോലും നിരാശയാക്കില്ലെന്ന പ്രതിജ്ഞാബദ്ധതയാണ് 73 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മരണം വരെയും അദ്ദേഹം കാത്തുസൂക്ഷിച്ചത്.