CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 54 Minutes 24 Seconds Ago
Breaking Now

ശാലോം വേള്‍ഡ് പ്രയര്‍ ചാനലിൻറെ 'പ്രേ ഫോര്‍ ഇന്ത്യ' സപ്തദിന അഖണ്ഡ ദിവ്യകാരുണ്യ ആരാധന മേയ് 16മുതല്‍..

 ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഉഴലുന്ന ഭാരതത്തിനായി പ്രാര്‍ത്ഥിക്കാന്‍ 'പ്രേ ഫോര്‍ ഇന്ത്യ' എന്ന പേരില്‍ ക്രമീകരിക്കുന്ന സപ്തദിന അഖണ്ഡ ദിവ്യകാരുണ്യ ആരാധനയ്ക്ക് മേയ് 16ന് തുടക്കമാകും. വിവിധ രാജ്യങ്ങളിലെ മിനിസ്ട്രികളെ ഏകോപിപ്പിച്ച് 'ശാലോം വേള്‍ഡ് പ്രയര്‍ ചാനല്‍' (SW PRAYER) ക്രമീകരിക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍നിന്നുള്ള ബിഷപ്പുമാരും ധ്യാനഗുരുക്കന്മാരും നിരവധി വൈദികരും വിവിധ സമയങ്ങളില്‍ നേതൃത്വം വഹിക്കും.

മേയ് 16 ഇന്ത്യന്‍ സമയം രാവിലെ 9.30മുതല്‍ (12 AM ET/ 5 AM BST/ 2 PM AEST) 23 രാവിലെ 9.30വരെ രാപ്പകല്‍ ഭേദമില്ലാതെ തുടരുന്ന ദിവ്യകാരുണ്യ ആരാധന SW PRAYER ചാനല്‍ ലോകമെങ്ങുമുള്ള വിശ്വാസീസമൂഹത്തിന് തത്‌സമയം ലഭ്യമാക്കും. തിരുസഭയ്ക്കും ലോക ജനതയ്ക്കുംവേണ്ടി ദിനരാത്ര ഭേദമില്ലാതെ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ദിവ്യബലി ഉള്‍പ്പെടെയുള്ള തിരുക്കര്‍മങ്ങള്‍ 24 മണിക്കൂറും തത്‌സമയം ലഭ്യമാക്കാന്‍ കഴിഞ്ഞ ലോക്ഡൗണ്‍ നാളുകളില്‍ 'ശാലോം വേള്‍ഡ്' ആരംഭിച്ച ചാനലാണ് 'ശാലോം വേള്‍ഡ് പ്രയര്‍'.

മഹാമാരിയില്‍നിന്നുള്ള സംരക്ഷണം, രോഗസൗഖ്യം എന്നിവ വിശേഷാല്‍ നിയോഗങ്ങളായി സമര്‍പ്പിക്കുന്ന ആരാധനയില്‍ രോഗികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ അധികാരികള്‍ എന്നിവര്‍ക്കായും പ്രത്യേകം പ്രാര്‍ത്ഥനകളുയരും. ഭാരതത്തിനു പുറമെ വിദേശ രാജ്യങ്ങളില്‍നിന്നുള്ള മിനിസ്ട്രികളും ബിഷപ്പുമാരും വചനപ്രഘോഷകരും വൈദികരും ദിവ്യകാരുണ്യ ആരാധന നയിക്കുന്നു എന്നതുതന്നെയാണ് ഈ ശുശ്രൂഷയുടെ പ്രധാന സവിശേഷത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായിരിക്കും പ്രാര്‍ത്ഥനാശുശ്രൂഷകള്‍.

ജീസസ് യൂത്ത് ഇന്റന്‍നാഷണല്‍, അനോയിന്റിംഗ് ഫയര്‍ കാത്തലിക് യൂത്ത് മിനിസ്ട്രി (യു.എസ്.എ), കമ്മ്യൂണിറ്റി ഓഫ് ദ റിസന്‍ ലോര്‍ഡ് (ശ്രീലങ്ക), ഇമ്മാനുവല്‍ കമ്മ്യൂണിറ്റി (ഓസ്‌ട്രേലിയ), കാത്തലിക് ക്രിസ്റ്റ്യന്‍ ഔട്ട്‌റീച്ച് (കാനഡ), ബിഗ് ഹാര്‍ട്ട് ഹാര്‍വെസ്റ്റ് (യു.എസ്.എ), ഉര്‍സുലൈന്‍ സിസ്റ്റേഴ്‌സ് (അയര്‍ലന്‍ഡ്), പോര്‍ട്‌ലിഷ് ചര്‍ച്ച് (അയര്‍ലന്‍ഡ്), ഡല്‍ഹി ക്രുസേഡേഴ്‌സ്, ജീവന്‍ ജ്യോതി ആശ്രം എന്നിങ്ങനെ നിരവധി മിനിസ്ട്രികള്‍ വിവിധ സമയങ്ങളില്‍ ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നല്‍കും. ഗോസ്പല്‍ സംഗീതരംഗത്ത് അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധേയരായ 'MJM7' ബാന്‍ഡിന്റെ സാന്നിധ്യവുമുണ്ടാകും.

സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ,  ഓസ്‌ട്രേലിയയിലെ കാന്‍ബറ ഗുല്‍ബേണ്‍ ആര്‍ച്ച്ബിഷപ്പ് ക്രിസ്റ്റഫര്‍ പ്രൗസ്, ഹോബാര്‍ട്ട് ടസ്മാനിയ ആര്‍ച്ച്ബിഷപ്പ് ജൂലിയസ് പോര്‍ട്ടിയസ്, അമേരിക്കയിലെ മിലിട്ടറി ഓര്‍ഡിനറിയേറ്റ് ബിഷപ്പ് നീല്‍ ബക്ഓണ്‍, അമേരിക്കയിലെ ബൈസന്റൈന്‍ ബിഷപ്പ് മിലന്‍ ലാച്ച് എസ്.ജെ, മയാമിയിലെ സെന്റ് അഗസ്റ്റിന്‍ രൂപതാ ബിഷപ്പ് ഫെലിപ്പ് ഡി ജീസസ് എസ്റ്റേവെസ്, ഷംഷബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെ നിരവധി ബിഷപ്പുമാരുടെ സാന്നിധ്യം ഇതിനകം ഉറപ്പായിട്ടുണ്ട്.

കൂടാതെ ഫാ. ഡൊമിനിക് വാളന്മനാല്‍, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി.സി, ശാലോം മീഡിയ സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ. ജില്‍റ്റോ ജോര്‍ജ് സി.എം.ഐ എന്നിവര്‍ക്കൊപ്പം ഭാരതത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധി സമര്‍പ്പിത, അത്മായ ശുശ്രൂഷകരുടെയും സാന്നിധ്യമുണ്ടാകും. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം നിയന്ത്രണാതീതമാകുകയും രോഗബാധിതരുടെ എണ്ണവും മരണനിരക്കും ദിനംപ്രതി കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭാരതസഭയുടെ സേവനങ്ങള്‍ മനസിലാക്കിയിട്ടുള്ള വിദേശ രാജ്യങ്ങളിലെ സഭയും 'പ്രേ ഫോര്‍ ഇന്ത്യ'യില്‍ അണിചേരും.

ഡിജിറ്റല്‍ മീഡിയാ പ്ലയറുകളായ ആപ്പിള്‍ ടി.വി, ആമസോണ്‍ ഫയര്‍, റോക്കു, എച്ച് ബോക്‌സ് തുടങ്ങിയവയ്‌ക്കൊപ്പം ഇപ്പോള്‍ പുറത്തിറങ്ങുന്ന എല്ലാ സ്മാര്‍ട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും SW PRAYER ലഭ്യമാണ്. കൂടാതെ, SW PRAYERന്റെ വെബ് സൈറ്റ് (www.swprayer.org), യൂ ടൂബ് (youtube.com/swprayerlive), ഫേസ്ബുക്ക് പേജ് (facebook.com/swprayer), എന്നിവയിലൂടെയും തത്സമയം കാണാന്‍ സൗകര്യമുണ്ടാകും. ടി.വിയിലും മൊബൈല്‍ ആപ്പുകളിലും ലഭ്യമാക്കുന്നത് എങ്ങനെ എന്നറിയാന്‍ സന്ദര്‍ശിക്കുക www.shalomworld.org/watchon

 

 

 

 

 
കൂടുതല്‍വാര്‍ത്തകള്‍.