CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 22 Seconds Ago
Breaking Now

മകന്‍ അക്രമാസക്തനായിട്ടും പരിചരിക്കാന്‍ കൂടെ നിന്നു ; ഒടുവില്‍ മകന്റെ കൈകൊണ്ട് അമ്മയ്ക്ക് ദാരുണ മരണം

മാതാവിനെ ഉപദ്രവിച്ച ജോര്‍ജ് തുടര്‍ന്നും അക്രമാസക്തനായി വീടിന് ചുറ്റും നടന്നിരുന്നതായി അയല്‍ക്കാര്‍ പറയുന്നു.

തൃശ്ശൂര്‍ കച്ചേരിക്കടവില്‍ മാനസികവൈകല്യമുള്ള മകന്റെ അടിയേറ്റ് വയോധികയായ മാതാവ് മരിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. മകന്‍ അക്രമാസക്തനായിട്ടുപോലും വീട്ടില്‍ നിന്നും മാറി താമസിക്കാതെ സംരക്ഷിക്കുകയായിരുന്നു കച്ചേരിക്കടവ് കിഴക്കൂടന്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി (മണി 75). ഇവരെ വെള്ളിയാഴ്ച രാത്രിയോടെ അക്രമാസക്തനായ മകന്‍ ജോര്‍ജ്(46) ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാതാവിനെ ഉപദ്രവിച്ച ജോര്‍ജ് തുടര്‍ന്നും അക്രമാസക്തനായി വീടിന് ചുറ്റും നടന്നിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. പിന്നീട് ശനിയാഴ്ച രാവിലെയാണ് എല്‍സിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പീന്നീട് അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വരന്തരപ്പിള്ളി പോലീസ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്തു. പോലീസിന് നേരെയും ജോര്‍ജ് അക്രമാസക്തനായി.

തലയിലും കാലിലും മരവടികൊണ്ട് അടിയേറ്റായിരുന്നു എല്‍സിയുടെ മരണം. ഒരു കാല്‍ ഒടിഞ്ഞ നിലയിലാണ്. സമീപവാസികളായ സ്ത്രീകളാണ് സംഭവം ആദ്യമറിഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തിയപ്പോള്‍ ജോര്‍ജ് മുറിക്കകത്ത് ഇരിക്കുകയായിരുന്നു. പുറത്തിറങ്ങാന്‍ പറഞ്ഞ പോലീസിനുനേരെയും കൈയില്‍ കിട്ടിയതെല്ലാമെടുത്ത് എറിഞ്ഞും ജോര്‍ജ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസുകാരെ എറിഞ്ഞ ജോര്‍ജിനെ വരന്തരപ്പിള്ളി എസ്എച്ച്ഒ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തിയാണ് കീഴ്‌പ്പെടുത്തിയത്.

ദുരന്തങ്ങള്‍ തുടര്‍ക്കഥയായിരുന്നു എല്‍സിയുടെ ജീവിതം. അക്രമസ്വഭാവമുണ്ടെങ്കിലും മകനെ കൈവിടാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു എല്‍സിയുടെ ഭര്‍ത്താവിന്റെ മരണം. ഏഴുവര്‍ഷം മുമ്പ് മകള്‍ ഗ്രേസിയും മൂന്നു മക്കളും ആത്മഹത്യചെയ്തതും തിരിച്ചടിയായി.

മകന്‍ അക്രമാസക്തനാണെങ്കിലും എല്‍സി വീട്ടില്‍നിന്ന് മാറിയിരുന്നില്ല. വെള്ളിയാഴ്ച അടുത്തുള്ള കാറ്ററിങ് സ്ഥാപനത്തില്‍നിന്ന് എല്‍സി ബിരിയാണി വാങ്ങി മകനുമൊന്നിച്ച് കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് രാത്രിയോടെ ജോര്‍ജ് അക്രമാസക്തനായി പറമ്പില്‍ നടക്കുന്നത് കണ്ടിരുന്നെന്നാണ് സമീപവാസികള്‍ പറയുന്നത്. രാത്രിമുഴുവന്‍ ഇയാളുടെ ഉറക്കെയുള്ള സംസാരവും കേട്ടിരുന്നു. അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. നിരന്തരം ബഹളം വെക്കുന്ന ആളായതുകൊണ്ട് രാത്രിയില്‍ ഒച്ചയുണ്ടായത് സമീപവാസികളും കാര്യമാക്കിയില്ല. നിയന്ത്രണാതീതമാകുമ്പോള്‍ മാത്രം ഇവര്‍ അടുത്തവീട്ടില്‍ അഭയം തേടിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.