CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 54 Minutes 21 Seconds Ago
Breaking Now

കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം മരിച്ച മുത്തശ്ശിയുടെ മൃതദേഹം അടക്കം ചെയ്യുന്നതില്‍ ആത്മഹത്യ ഭീഷണി മുഴക്കി ചെറുമകന്‍ ; സ്വത്ത് എഴുതി നല്‍കാമെന്ന ഉറപ്പില്‍ തീരുമാനം മാറി !!

രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ അലക്‌സ് വഴങ്ങി. രാത്രി എട്ടുമണിയോടെ പദ്മാക്ഷിയുടെ മൃതദേഹം ആചാരപ്രകാരം സംസ്‌കരിച്ചു.

കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം മരിച്ച മുത്തശ്ശിയുടെ മൃതദേഹം അടക്കം ചെയ്യുന്നതില്‍ ആത്മഹത്യ ഭീഷണി മുഴക്കി ചെറുമകന്‍. ഒടുവില്‍ ആര്‍.ഡി.ഒ.യുടെയും പോലീസിന്റെയും സഹായത്തോടെ രണ്ടാം നാള്‍ മൃതദേഹം കുടുംബ വസ്തുവില്‍ അടക്കംചെയ്തു. മുളയറ ക്രൈസ്റ്റ്വില്ലയില്‍ പദ്മാക്ഷി(78)യാണ് മരിച്ചത്.

നാലു മക്കളുടെ അമ്മയാണ് പദ്മാക്ഷി. മക്കളില്‍ മൂന്ന് ആണും ഒരു പെണ്ണും. ആണ്‍മക്കളായ അശോക് കുമാര്‍, സതീഷ്‌കുമാര്‍, സുരേഷ്‌കുമാര്‍ എന്നിവര്‍ നേരത്തേ മരിച്ചു. ഭര്‍ത്താവ് ബാലയ്യന്‍ നാടാര്‍ 21 വര്‍ഷം മുന്‍പ് മരിച്ചു. പക്ഷാഘാതം ബാധിച്ചു പത്തു വര്‍ഷമായി ചികിത്സയിലായിരുന്ന പദ്മാക്ഷി മകളോടൊപ്പം വലിയവിളയിലായിരുന്നു താമസം.

ഇവരുടെ പേരിലുള്ള ഒന്‍പതു സെന്റും വീടുമാണ് മുളയറയിലുള്ളത്. മക്കള്‍ക്ക് ഒരോരുത്തര്‍ക്കും ഒരോ ഏക്കര്‍ വീതം ഭൂമി നല്‍കിയിരുന്നു. മുളയറ നെടുങ്കുഴിയിലെ കുടുംബവീട്ടില്‍ ഇളയമകന്‍ സുരേഷ്‌കുമാറിന്റെ മകന്‍ അലക്‌സ് ജി.സുരേഷാണ് താമസിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് പദ്മാക്ഷി മരിച്ചത്. തുടര്‍ന്ന് മൃതദേഹം മുളയറയിലെ ഭര്‍ത്താവിന്റെ കല്ലറയ്ക്കു സമീപം അടക്കണമെന്ന പദ്മാക്ഷിയുടെ ആഗ്രഹപ്രകാരം മകള്‍ അജിതകുമാരിയും ഭര്‍ത്താവും മൃതദേഹം മുളയറയിലെത്തിച്ചു.

എന്നാല്‍, മൃതദേഹം അവിടെ അടക്കിയാല്‍ താന്‍ പെട്രോളൊഴിച്ചു തീകൊളുത്തി മരിക്കുമെന്നു പറഞ്ഞ് അലക്‌സ് രംഗത്തെത്തി. ഇതോടെ സംസ്‌കാരം നീണ്ടുപോവുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍, മകള്‍ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കി. തിങ്കളാഴ്ച നെടുമങ്ങാട് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ അലക്‌സിനെ വിളപ്പില്‍ശാല എസ്.എച്ച്.ഒ. അനുരഞ്ജനത്തിനായി വിളപ്പില്‍ പഞ്ചായത്തോഫീസിലെത്തിച്ചു. ശേഷം സമവായ ചര്‍ച്ച നടത്തി.

രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ അലക്‌സ് വഴങ്ങി. രാത്രി എട്ടുമണിയോടെ പദ്മാക്ഷിയുടെ മൃതദേഹം ആചാരപ്രകാരം സംസ്‌കരിച്ചു. പദ്മാക്ഷിയുടെ പേരിലുള്ള വസ്തു എഴുതി നല്‍കാമെന്ന ഉറപ്പിന്മേലാണ് സംസ്‌കാരം നടത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.