CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 16 Minutes 18 Seconds Ago
Breaking Now

ലോക്ക്ഡൗണ്‍ അവസാനിച്ചതോടെ യുകെയില്‍ നഴ്‌സുമാര്‍ക്ക് ശനിദശ; പൊതുജനങ്ങളില്‍ നിന്നും നഴ്‌സുമാര്‍ക്കും, ഷോപ്പ് ജീവനക്കാര്‍ക്കും വന്‍തോതില്‍ അപമാനങ്ങള്‍ നേരിടുന്നു; എ&ഇ ജീവനക്കാര്‍ സമ്മര്‍ദം കുറഞ്ഞ ജോലികള്‍ തേടുന്നു; രാജിവെയ്ക്കാന്‍ ഒരുങ്ങി ജിപിമാരും, റിസപ്ഷനിസ്റ്റുകളും?

രോഗികളും, ചിലപ്പോള്‍ ബന്ധുക്കളും നഴ്‌സുമാര്‍ക്ക് നേരെയാണ് രോഷപ്രകടനം അഴിച്ചുവിടുന്നത്

പൊതുജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന ജോലികള്‍ ചെയ്യുന്ന വിഭാഗങ്ങള്‍ യുകെയില്‍ കൊവിഡ് ലോക്ക്ഡൗണുകള്‍ അവസാനിച്ചതോടെ വന്‍തോതില്‍ അപമാനിക്കപ്പെടുന്നതായി ഇവരെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍. ഷോപ്പ്, ട്രാന്‍സ്‌പോര്‍ട്ട്, റെസ്‌റ്റൊറന്റ്, ഹോട്ടല്‍ ജോലിക്കാരില്‍ പകുതി പേരും കഴിഞ്ഞ ആറ് മാസത്തിനിടെ പൊതുജനങ്ങളില്‍ നിന്നും അപമാനങ്ങള്‍ നേരിടേണ്ടി വന്നുവെന്നാണ് ഐസിഎസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

എന്‍എച്ച്എസും ഈ ദുരവസ്ഥ നേരിടുന്നുണ്ട്. രോഗികളുടെ ഭാഗത്ത് നിന്നും അപമാനങ്ങള്‍ നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ നിരവധി ജിപിമാരും, റിസപ്ഷനിസ്റ്റുകളും രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ മാസം തന്നെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എ&ഇ ജീവനക്കാരില്‍ നിരവധി പേര്‍ സമ്മര്‍ദം കുറഞ്ഞ തൊഴിലുകളിലേക്ക് മാറാനും ശ്രമിക്കുന്നത് എന്‍എച്ച്എസ് ട്രസ്റ്റുകളെ ആശങ്കപ്പെടുത്തുകയാണ്. 

സംഘര്‍ഷങ്ങള്‍ ഉള്ള വിഷയങ്ങളുടെ പേരിലാണ് അപമാനിക്കപ്പെടലും നടക്കുന്നത്. ജിപി അപ്പോയിന്റ്‌മെന്റ് പോലുള്ള വിഷയങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണമാണ്. സോഷ്യല്‍ മീഡിയയും, ഇമെയിലും ഉപയോഗിച്ച് പലരും ഇത്തരം സന്ദേശങ്ങള്‍ എളുപ്പത്തില്‍ നല്‍കുന്നതായി സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രതികരിക്കുമ്പോള്‍ മറുവശത്തുള്ള വ്യക്തിയുടെ വികാരവും, അവസ്ഥയുമൊന്നും ആളുകള്‍ പരിഗണിക്കുക കൂടി ചെയ്യുന്നില്ല. നഴ്‌സുമാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ പലപ്പോഴും ചികിത്സ വൈകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. ഇതില്‍ നഴ്‌സിന് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും രോഗികളും, ചിലപ്പോള്‍ ബന്ധുക്കളും നഴ്‌സുമാര്‍ക്ക് നേരെയാണ് രോഷപ്രകടനം അഴിച്ചുവിടുന്നത്. 

കൊവിഡ് മഹാമാരി നഴ്‌സുമാരുടെ സേവനത്തിന്റെ പ്രസക്തി ഉയര്‍ത്തിക്കാണിക്കുമ്പോഴും ചില രോഗികള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതിന് പകരം മാലാഖമാരുടെ നേരെ കൈ ഉയര്‍ത്തുകയാണ്!




കൂടുതല്‍വാര്‍ത്തകള്‍.