CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 19 Seconds Ago
Breaking Now

ഇംഗ്ലണ്ടില്‍ 75 ഒമിക്രോണ്‍ കൊവിഡ് കേസുകള്‍ കൂടി കണ്ടെത്തി; പുതിയ വേരിയന്റിന് യുകെയില്‍ ആകെ 134 രോഗികള്‍; ഭൂരിപക്ഷം കേസുകളും ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവരിലെന്ന് ആരോഗ്യ മേധാവികളുടെ വെളിപ്പെടുത്തല്‍; അയര്‍ലണ്ട് സെമി-ലോക്ക്ഡൗണിലേക്ക്; കാര്യമാക്കാതെ ക്രിസ്മസ് ആഘോഷിക്കണമെന്ന് ഇംഗ്ലണ്ടുകാരോട് ബോറിസ്

സ്‌കോട്ട്‌ലണ്ടിലെ കേസുകള്‍ 16ല്‍ നിന്നും 29ലേക്ക് ഉയര്‍ന്നപ്പോള്‍ വെയില്‍സില്‍ ആദ്യത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു

സൂപ്പര്‍ മ്യൂട്ടന്റ് ഒമിക്രോണ്‍ വേരിയന്റ് പിടിപെട്ട 75 പുതിയ കേസുകള്‍ കൂടി ഇംഗ്ലണ്ടില്‍ തിരിച്ചറിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതര്‍. ഇതോടെ യുകെയിലെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 134 ആയി. പുതിയ വേരിയന്റ് ബാധിച്ച ഭൂരിപക്ഷം പേരും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവരാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. 

ഇംഗ്ലണ്ടിലെ ഒമിക്രോണ്‍ കോവിഡ് കേസുകള്‍ ജനിതക സീക്വന്‍സിംഗിന് വിധേയമാക്കി തിരിച്ചറിഞ്ഞ പകുതിയിലേറെ പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം ഒടുവില്‍ സ്ഥിരീകരിച്ച 75 കേസുകളില്‍ വാക്‌സിനെടുത്തവരും, വാക്‌സിനെടുക്കാത്തവരും എത്ര പേരുണ്ടെന്ന് വ്യക്തമല്ല. 

ഒമിക്രോണ്‍ കേസുകളുടെ എണ്ണമേറുമ്പോഴും ക്രിസ്മസ് ആഘോഷങ്ങള്‍ സാധാരണ രീതിയില്‍ തന്നെ ആസ്വദിക്കാനാണ് ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിക്കുന്നത്. അയര്‍ലണ്ട് സെമി-ലോക്ക്ഡൗണിലേക്ക് നീങ്ങുമ്പോഴാണ് ബോറിസ് ഈ ആവശ്യം ഉന്നയിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് തന്നെ വ്യത്യസ്ത സന്ദേശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ആളുകള്‍ ആഘോഷ പരിപാടികള്‍ റദ്ദാക്കേണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. 

ഇതിനിടെ അയര്‍ലണ്ടില്‍ പ്രതിരോധനടപടികള്‍ ശക്തമാക്കി. നൈറ്റ്ക്ലബുകള്‍ അടച്ചതിന് പുറമെ ബാറുകളിലും, റെസ്റ്റൊറന്റുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിവിധ കുടുംബങ്ങള്‍ ഒത്തുചേരുന്നതിനും നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനം പിടിച്ചുനിര്‍ത്താനാണ് ഈ നീക്കങ്ങള്‍. 

ഇംഗ്ലണ്ടില്‍ 75 കേസുകള്‍ കൂടി പുതുതായി സ്ഥിരീകരിച്ചതോടെ ആകെ കേസുകള്‍ 104 ആയി. യുകെയില്‍ ഇതോടെ 134 ഒമിക്രോണ്‍ കേസുമുണ്ടെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ഇംഗ്ലണ്ട്, ലണ്ടന്‍, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളിലാണ് പുതിയ വേരിയന്റുമായി ബന്ധപ്പെട്ട കേസുകള്‍. 

സ്‌കോട്ട്‌ലണ്ടിലെ കേസുകള്‍ 16ല്‍ നിന്നും 29ലേക്ക് ഉയര്‍ന്നപ്പോള്‍ വെയില്‍സില്‍ ആദ്യത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. കാര്‍ഡിഫിലാണ് ഈ രോഗിയെ കണ്ടെത്തിയത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.