CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 45 Minutes 47 Seconds Ago
Breaking Now

യു. കെ യിലെ ആദ്യ മലയാളി സംഘടനായ MAUK രജിസ്റ്റര്‍ ചെയ്തതിന്റെ 50ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നാടകം തെയ്യം വേദിയിലെത്തുന്നു

1989ല്‍ MAUK സ്ഥാപിച്ച യു. കെ. യിലെ പ്രശസ്തനാടക സമിതിയായ ദൃശ്യകല, MAUK യുടെ ഇരുപത്തിരണ്ടാമത് നാടകമാണ് തെയ്യം.ഹോണ്‍ചര്‍ച്ചിലെ ദി ചാമ്പ്യന്‍ സ്‌കൂളില്‍ ഏപ്രില്‍ 13 ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് നാടകം വേദിയില്‍ അരങ്ങേറും

കുഞ്ഞാലിമരയ്ക്കാരുടേയും, പറയിപെറ്റപന്തിരുകുലത്തിന്റേയും, ഇടപ്പള്ളി കവികളുടേയും, അഷ്ടവൈദ്യന്മാരുടേയും, തുള്ളല്‍ക്കഥകളുടേയും, അന്യംനിന്നുപോകുന്ന നെല്‍ക്കൃഷിയുടേയും കഥകള്‍ നാടകമാക്കിയിട്ടുള്ള ദൃശ്യകല ഇക്കുറി തെയ്യം കഥകള്‍ നാടകവിഷയമാക്കുന്നു.

ഉത്തരകേരളത്തില്‍ പ്രചുരപ്രചാരം സിദ്ധിച്ച അനുഷ്ഠാന കലയാണ് തെയ്യം. നമ്മുടെ തനത് പ്രാക്തനസംസ്‌കാരത്തിന്റെ ഈടുവയ്പുകളായി നിറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍ക്ക് പാടാനും, പറയാനും കഥകളേറെയുണ്ട്. നൂറ്റാണ്ടുകള്‍ക്ക്മുന്‍പ് നിലനിന്നിരുന്ന ജന്മിത്ത അടിമത്ത വ്യവസ്ഥിതിയുടെ കരാളനീതിയില്‍ ഉരുത്തിരിഞ്ഞ അളവറ്റ കണ്ണീര്‍ക്കഥകള്‍.

മുച്ചിലോട്ടുഭഗവതി, മരുതിയോടന്‍ കുരിക്കള്‍, കതിവന്നൂര്‍ വീരന്‍, മാക്കപ്പോതി, മനയില്‍പ്പോതി, മാപ്പിള തെയ്യം, കാപ്പാട് ദൈവത്താര്‍ എന്നിങ്ങനെ അസംഖ്യം തെയ്യക്കോലങ്ങളും, തെയ്യത്തോറ്റങ്ങളും കൊണ്ട് ഉത്സവരാവുകള്‍ നിറയ്ക്കുന്ന ഉത്തരകേരളഭൂമി...

ചിരപുരാതനമായ മാണിയോട്ടുമനയിലെ മൂത്തനംബൂതിരിയുടെ ഒരേയൊരു മകളായ ഉച്ചില. പതിനഞ്ചാം വയസ്സില്‍ തന്നെ പേരുകേട്ട പെരിഞ്ചെല്ലൂര്‍ ഗുരുകുലത്തില്‍ നിന്നും വേദങ്ങളിലും ശാസ്ത്രങ്ങളിലും, കാവ്യാ മീമാംസകളിലും മഹാപാണ്ഡിത്യം നേടിയവള്‍. ഉച്ചില!

ഒരിക്കല്‍ മഹാപണ്ഡിതനും, അറിവിന്റെ പരാപാരാവായ പേരുകേട്ട പേരെഴും പെരിചെല്ലൂര്‍ പണ്ഡിതരോട് തര്‍ക്കശാസ്ത്രത്തില്‍ എതിരിടാന്‍ പയ്യന്നൂര്‍ മണിഗ്രാമത്തില്‍ ആരെങ്കിലുമുണ്ടെല്‍ കൂട്ടിക്കൊണ്ടുവരാന്‍ നാടുവാഴിക്ക് കുറിമാനം കൊടുത്തയക്കുന്നു. നാടുവാഴി ഉച്ചിലയെ സമീപിച്ച് കാര്യം ബോധിപ്പിയ്ക്കുകയും ഉച്ചില പണ്ഡിതരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാമെന്ന് സമ്മതിയ്ക്കുകയും ചെയ്യുന്നു. രയരമംഗലം സഭയില്‍ വച്ച് നടന്ന തര്‍ക്കത്തില്‍ നിരവധിപ്രാവശ്യം ഉച്ചില പണ്ഡിതരെ പരാജയപ്പെടുത്തുകയും ഒടുവില്‍ യുക്തിവാദകൊണ്ട് ഉച്ചിലയെ പരാജയപ്പെടുത്താന്‍ സാധിയ്ക്കില്ലന്ന് മനസ്സിലാക്കിയ പണ്ഡിതര്‍ ചതിയ്ക്കുന്ന ഒരു ചോദ്യത്തിലൂടെ ഉച്ചിലയെ മാനസികമായി പീഡിപ്പിയ്ക്കുകയും, അപമാനിയ്ക്കുകയും ചെയ്യുന്നു. ഒടുവില്‍ സമുദായത്തില്‍ നിന്നും ഭ്രഷ്ട് കല്പിച്ചു നാടുകടത്തിയ ഉച്ചില അഗ്‌നികുണ്ഠത്തില്‍ വിലയംപ്രാപിയ്ക്കുകയും തെയ്യമായി ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നു. ഉച്ചിലയാണ് മുച്ചിലോട്ടുഭഗവതി തെയ്യമായി മാറിയതെന്ന് ഐതീഹ്യം.

പൂത്തില്ലം പെരിയതംബ്രാന്റെ അടിയനായ ആണൊരുത്തന്‍ കുഞ്ഞിവിരുന്തനെക്കൊതിച്ച ചെറിയക്കുട്ടി തമ്പുരാട്ടിയുടെ ആഗ്രഹത്തിന് വഴങ്ങാന്‍ തയ്യാറാകാതിരുന്ന കുഞ്ഞിവിരുന്തനെ നൈരാശ്യവും, പകയും മൂത്ത ചെറിയക്കുട്ടി തമ്പുരാട്ടി കള്ളക്കഥയുണ്ടാക്കി തമ്പ്രാന്റെ ശിങ്കിടികളായ മല്ലന്മാരെക്കൊണ്ട് തൊഴിച്ചവശനാക്കി മരുതു മരത്തില്‍ തൂക്കികൊല്ലുകയും തെയ്യമായി മാറിയ കുഞ്ഞിവിരുന്തന്‍ പ്രതികാരദാഹിയായിമാറുകയും തമ്പുരാനെ ചവിട്ടിക്കൊലപ്പെടുത്തുകയും ചെയ്യുന്നു. തെയ്യമായി മാറിയ കുഞ്ഞിവിരുന്തന്‍ മരുതിയോടാന്‍ കുരിക്കള്‍ എന്നറിയപ്പെടുന്നു.

നാടകത്തിന്റെ ആദ്യഭാഗം ഈ രണ്ടുതെയ്യങ്ങളുടെ ഉത്ഭവകഥയും, രണ്ടാം ഭാഗം തെയ്യംകെട്ട് തൊഴിലാക്കിയ ഒരുകൂട്ടം പച്ചയായ മനുഷ്യരുടേയും, തെയ്യം എന്ന അനുഷ്ഠാന കലയെ തന്റെ പ്രശസ്തിയ്ക്കും, ധനസമ്പാദനത്തിനുമായി ഉപയോഗിയ്ക്കുന്ന തമ്പുരാന്റെയും കഥ പറയുന്നു.

നിരവധി നാടകകലാകാരെ പരിചയപ്പെടുത്തിയിട്ടുള്ള ദൃശ്യകല ഇക്കുറി നാഷ് റാവുത്തര്‍, റാണി രഘുലാല്‍, ശ്രേയാ മേനോന്‍ എന്നിവരെ പരിചയപ്പെടുത്തുന്നു. ഇവരോടൊപ്പം യു കെ യിലെ പ്രശസ്തരായ ബാബു സൈമണ്‍, ജെയ്‌സണ്‍ ജോര്‍ജ്ജ്, കീര്‍ത്തി സോമരാജന്‍, ജെയിന്‍ കെ ജോണ്‍, ജിതിന്‍, വി . മുരളീധരന്‍, വക്കമം ജി സുരേഷ്‌കുമാര്‍, നിഹാസ് റാവുത്തര്‍, ശ്രീ വത്സലന്‍, സുനിത് സുരേന്ദ്രന്‍, മഞ്ജു മന്ദിരത്തില്‍, ബീനാ പുഷ്‌കാസ്, ബിറ്റു തോമസ്, പ്രീനാ പിളള, എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു .

സംഗീതം: പ്രണവം മധു, സംഗീത നിയന്ത്രണം: ജോയി ഗോപി , രംഗശില്പം: വിജയന്‍ കടമ്പേരി , രംഗസജ്ജീകരണം അജി ഗംഗധരന്‍, സാംബശിവന്‍, ദീപവിതാനം: സുഭാഷ് കുമാര്‍ , ശബ്ദം: അപ് ബീറ്റ്‌സ് ലണ്ടന്‍, ശബ്ദ നിയന്ത്രണം: ജീസണ്‍ കടവില്‍, റിക്കോര്‍ഡിങ്: രാജീവ് ശിവ, നാടക മാനേജര്‍: ശ്രീവത്സലന്‍ പിള്ള, തെയ്യക്കോലം നിര്‍മ്മാണം: ആര്‍ട്ടിസ്റ്റ് ഏ . ജീ . കുളമട, തെയ്യം കെട്ടുന്നവര്‍: ഡോണ, സ്‌നേഹ സുദേശന്‍.

നാടകരചന: രാജന്‍ കിഴക്കനേല, സംവിധാനം: ശശി . എസ് . കുളമട,

അവതരണം: ദൃശ്യകല MAUK.

യു. കെ യിലെ ആദ്യ മലയാളി സംഘടനായ MAUK രജിസ്റ്റര്‍ ചെയ്തതിന്റെ 50താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആണ് 'തെയ്യം' നാടകം അരങ്ങേറുന്നത് .

യൂറോപ്പില്‍ മറ്റു സ്ഥലങ്ങളില്‍ ഇ നാടകം അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ ദയവായി നാടക മാനേജരുമായി ബന്ധപെടുക: +44 7941 024129

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.