CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 42 Minutes 25 Seconds Ago
Breaking Now

ദൈവഹിത മഹത്വത്തില്‍ അഞ്ചു സിസ്സേറിയനുകള്‍; പ്രോലൈഫ് തിരിച്ചറിവില്‍ റീകാണലൈസേഷന്‍; അഞ്ചാമന് മാമോദീസ നല്കിയത് മാര്‍ സ്രാമ്പിക്കല്‍; മാതൃത്വത്തിന്റെ മഹനീയ മാത്രുകയും, ധീരയുമായി നീനു ജോസ്

സ്റ്റീവനേജ്: തുടര്‍ച്ചയായ അഞ്ചാമത്തെ സിസ്സേറിയനിലും ദൈവഹിതത്തിന്റെ മഹത്വത്തിനായി സ്വന്തം മാതൃത്വം അനുവദിച്ചു നല്‍കിയ കരുത്തയായ ഒരമ്മ വിശ്വാസി സമൂഹത്തിനു പ്രചോദനവും പ്രോത്സാഹനവും ആവുന്നു. മെഡിക്കല്‍ എത്തിക്‌സ് അനുവദിക്കാത്തിടത്താണ്  അഞ്ചാമത്തെ സന്താനത്തിനുകൂടി ജന്മം നല്‍കുവാന്‍ ദൈവഹിതത്തിനു ധീരമായി വിധേയയായിക്കൊണ്ടാണ്  നീനു ജോസ് എന്ന അമ്മ മാതൃകയാവുന്നത്. നീനുവിനു ശക്തി പകര്‍ന്ന് ഭര്‍ത്താവ് റോബിന്‍ കോയിക്കരയും, മക്കളും സദാ കൂടെയുണ്ട്.

ഗൈനക്കോളജി വിഭാഗം ഗര്‍ഭധാരണ പ്രക്രിയ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയും രണ്ടാമത്തെ സിസ്സേറിയന് ശേഷം മെഡിക്കല്‍ ഉപദേശത്തിന് മാനുഷികമായി വഴങ്ങുകയും ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് നീനു ജോസ്. ആല്മീയ കാര്യങ്ങളില്‍ ഏറെ തീക്ഷ്ണത പുലര്‍ത്തിപ്പോരുന്ന നീനുവും, റോബിനും അങ്ങിനെയിരിക്കെയാണ് പ്രോലൈഫ് മേഖലയില്‍ സജീവ നേതൃത്വം നല്‍കുന്ന ഡോക്ടറും പ്രോലൈഫ് അഭിഭാഷകനുമായ ഡോ: ഫിന്റോ ഫ്രാന്‍സീസ് നല്‍കിയ സന്ദേശം കേള്‍ക്കുവാന്‍ ഇടയാവുന്നത്.

'ദൈവദാനം തിരസ്‌ക്കരിക്കുവാനോ, സന്താന ഭാഗ്യം നിയന്ത്രിക്കുവാനോ  വ്യക്തികള്‍ക്ക് അവകാശമില്ലെന്നും, അത് ദൈവ നിന്ദയും പാപവുമാണെന്നും ഉള്ള തിരിച്ചറിവ് ഡോക്റ്റരുടെ സന്ദേശത്തിലൂടെ  അവര്‍ക്കു ലഭിക്കുന്നത്. സന്താന ലബ്ദിക്കായി ശരീരത്തെ ഒരുക്കുവാനും ദൈവദാനം സ്വീകരിക്കുവാനുമായി തയ്യാറായ നീനുവിനുവേണ്ടി ഡോ. ഫിന്റോ ഫ്രാന്‍സിസു തന്നെയാണ് റീകാണലൈസേഷന്‍ ശസ്ത്രക്രിയ നടത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.  

മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവര്‍ക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസയാണ്  കഴിഞ്ഞ ദിവസം സ്റ്റീവനേജ് സെന്റ് ഹില്‍ഡ ദേവാലയത്തില്‍ വെച്ച് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍  നല്‍കിയത്. മാമ്മോദീസക്ക് ശേഷം സ്രാമ്പിക്കല്‍ പിതാവ് നല്‍കിയ സന്ദേശത്തില്‍ 'ഉന്നതങ്ങളില്‍ നിന്നും നല്‍കപ്പെടുന്ന മാമ്മോദീസയിലൂടെ കുഞ്ഞിന്റെ ജന്മപാപം നീങ്ങുകയും, ദൈവപുത്രനായി മാറുകയും ചെയ്യുന്നുവെന്നും, അവനോടൊപ്പം ജനിച്ചു, ജീവിച്ചു, മരിച്ചു ഉയിര്‍ത്തെഴുന്നേറ്റു നിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുഗ്രഹവരമാണ് മാമ്മോദീസ എന്ന കൂദാശയെന്നും' പിതാവ് ഓര്‍മ്മിപ്പിച്ചു.

 'മാതാപിതാക്കളുടെ കരുണയും, സ്‌നേഹവും, നിസ്വാര്‍ത്ഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും, മാമോദീസയിലൂടെ ദൈവ സമക്ഷം കുഞ്ഞിനെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയാണെന്നും, ദൈവത്തിന്റെ വാക്കുകളും നിയമങ്ങളും പാലിക്കുവാന്‍ അതിനാല്‍ത്തന്നെ ഓരോ ക്രൈസ്തവനും ബാദ്ധ്യസ്ഥനാണെന്നും' മാര്‍ സ്രാമ്പിക്കല്‍ ഉദ്‌ബോധിപ്പിച്ചു.

റോബിന്‍നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്റ് സേവ്യര്‍ പ്രോപോസ്ഡ് മിഷന്‍ ഏറ്റെടുത്തു നടത്തിയത്. പിതാവിന്റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും, ഫാ. അനീഷ് നെല്ലിക്കലും സഹകാര്‍മികരായി. പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്‌സ് സ്വാഗതം പറഞ്ഞു. റോബിന്‍ കോയിക്കര നന്ദി പ്രകാശിപ്പിച്ചു.

രണ്ടു വര്‍ഷം മുമ്പാണ് റോബിനും, നീനുവും നാലുമക്കളുമായി സ്റ്റീവനേജില്‍  വന്നെത്തുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്സില്‍  ചീഫ് ആര്‍ക്കിടെക്റ്റായി ജോലി നോക്കുന്ന റോബിന്‍, കോങ്ങോര്‍പ്പിള്ളി സെന്റ് ജോര്‍ജ്ജ് ഇടവാംഗങ്ങളായ കോയിക്കര വര്‍ഗ്ഗീസ്‌ലൂസി ദമ്പതികളുടെ മകനാണ്. കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയില്‍ സെന്റ് ലൂയിസ് ചര്‍ച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാന്‍സീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടില്‍ എസ്ബിഐ ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്നു.

അഞ്ചാമത്തെ സിസ്സേറിയന് സ്റ്റീവനെജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ നീനു എത്തുമ്പോള്‍ അവരെക്കാത്ത് ഏറ്റവും പ്രഗത്ഭരും കണ്‍സള്‍ട്ടന്റുമാരായ വിപുലമായ ടീം തയ്യാറായി നില്‍പ്പുണ്ടായിരുന്നു. 'സങ്കീര്‍ണ്ണമായ ആരോഗ്യ വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിഭാഗം എന്തെ മുന്‍കരുതല്‍ എടുക്കാഞ്ഞതെന്ന'ചോദ്യത്തിന് 'ഇനിയും ദൈവം തന്നാല്‍ സന്താനങ്ങളെ സ്വീകരിക്കണം' എന്ന ബോദ്ധ്യം ലഭിച്ചതിന്റെ സാഹചര്യം  വിവരിച്ച നീനു, സത്യത്തില്‍ അവര്‍ക്കിടയിലെ പ്രോലൈഫ് സന്ദേശവാഹികയാവുകയായിരുന്നു. ഇത്രയും വലിയ പ്രഗത്ഭരുടെ നിരയുടെ നിരീക്ഷണത്തിലാണ് അഞ്ചാമത്തെ സിസ്സേറിയന്‍ നടത്തിയതെന്നത് മാനുഷികമായിചിന്തിച്ചാല്‍ സര്‍ജറിയുടെ അതീവ ഗൗരവമാണ് എടുത്തു കാണിക്കുന്നത്.

'ശാസ്ത്രങ്ങളുടെ സൃഷ്ടാവിന്റെ പരിപാലനയില്‍ മറ്റെന്തിനേക്കാളും വിശ്വസിക്കുന്നു എന്നും, ദൈവം തിരുമനസ്സായാല്‍ മക്കളെ സ്വീകരിക്കുവാന്‍ ഇനിയും ഭയമില്ലെന്നും' അന്ന് നീനു എടുത്ത തീരുമാനത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളാണ് പിനീട് ജന്മം നല്‍കിയ ജോണ്‍, ഇസബെല്ലാ, പോള്‍ എന്നീ മൂന്നു കുട്ടികള്‍. ഏറെ ദൈവകൃപ നിറഞ്ഞ ഒരു കുടുംബമാണ് തങ്ങളുടേതെന്നും അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കൂടുതലായ അനുഗ്രഹങ്ങളുടെ കൃപാവര്‍ഷമാണ് കുടുംബത്തിന്  കൈവന്നിരിക്കുന്നത് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസാ കൂദാശ നല്‍കുവാന്‍ തങ്ങളെ നേരിട്ട് വിളിച്ചറിയിച്ച അനുഗ്രഹ നിമിഷം കുടുംബം സന്തോഷത്തോടെ ഓര്‍ക്കുന്നു. 'പോള്‍' കത്തോലിക്കാ കുടുംബത്തിലെ അംഗമാകുമ്പോള്‍ അനുഗ്രഹീത കര്‍മ്മത്തിനു സാക്ഷികളാകുവാന്‍ വലിയൊരു വിശാസി സമൂഹം തന്നെ പങ്കെടുത്തതും, ഈ അനുഗ്രഹീതവേളയില്‍ പങ്കാളികളാകുവാന്‍ നീനുവിന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നെത്തിയതും കുടുംബത്തിന്റെ  സന്തോഷം ഇരട്ടിപ്പിച്ചിരിക്കുകയാണ്.

ഒരുവര്‍ഷത്തിലേറെയായി സ്വന്തമായൊരു വീടിനായുള്ള തിരച്ചിലിനടയില്‍ വളരെ സൗകര്യപ്രദമായ ഒരു വീടാണ് ഇപ്പോള്‍ അവിചാരിതമായി തരപ്പെട്ടിരിക്കുന്നത് എന്ന് റോബിന്‍ പറഞ്ഞു. കത്തോലിക്കാ ദേവാലയത്തിനും, കാത്തലിക്ക് സ്!കൂളിന്റെയും സമീപം ജിപി സര്‍ജറിയോടു ചേര്‍ന്ന് ലഭിച്ച ഡിറ്റാച്ഡ് വീട് സ്വന്തമാകുമ്പോള്‍  ഇപ്പോഴുള്ള വിലവര്‍ദ്ധനവ് ബാധിക്കാതെ തന്നെ ഇവര്‍ നല്‍കിയ ഓഫര്‍ അംഗീകരിക്കുകയായിരുന്നുവത്രേ.  

സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുന്ന നീനുറോബിന്‍ കുടുംബത്തിലെ, മൂത്തമകള്‍, മിഷേല്‍ ട്രീസാ റോബിന്‍ ബാര്‍ക്ലെയ്‌സ് അക്കാദമിയില്‍ ഇയര്‍ 11 ല്‍ പഠിക്കുന്നു. ഇംഗ്ലീഷില്‍  ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേല്‍ പഠനത്തിലും, പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്. മൂത്ത മകന്‍ ജോസഫ് റോബിന്‍ ബാര്‍ക്ലെയ്‌സ് അക്കാദമിയില്‍ത്തന്നെ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്.  കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്!ബോളില്‍, ബെഡ്‌വെല്‍ റേഞ്ചേഴ്‌സ് U14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്.

മൂന്നാമത്തെ കുട്ടി ജോണ്‍ വര്‍ഗീസ് സെന്റ് വിന്‍സെന്റ് ഡി പോള്‍ സ്‌കൂളില്‍ റിസപ്ഷനിലാണ് പഠിക്കുന്നത്. നാലാമത്തെ മകള്‍ ഇസബെല്ലാ മരിയക്ക് 3 വയസ്സും ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ച  അഞ്ചാമനായ പോളിന് 2 മാസവും പ്രായം ഉണ്ട്.

'ദൈവം നല്‍കുന്ന സന്താനങ്ങളെ സ്വീകരിക്കുവാനും, അവിടുത്തെ ദാനമായ ദാമ്പത്യവും മാതൃത്വവും നന്ദിപുരസ്സരം ബഹുമതിക്കുവാനും ദൈവഹിതത്തിനു വിധേയപ്പെടുവാനും,   മാതാപിതാക്കള്‍  തയ്യാറാണവണമെന്നും, കൂടുതല്‍ കുട്ടികള്‍ കുടുംബത്തിന് ഐശ്വര്യവും അനുഗ്രഹവും പകരുമെന്നും, കുട്ടികളുടെ കാര്യത്തില്‍ ആകുലതക്കു സ്ഥാനമില്ല എന്നും, ദൈവം പരിപാലിച്ചു കൊള്ളുമെന്നും' എന്നാണ് നീനു റോബിന്‍ ദമ്പതികള്‍ക്ക് ഇത്തരുണത്തില്‍ നല്‍കുവാനുള്ള അനുഭവ സാക്ഷ്യവും, ഉത്തമ ബോദ്ധ്യവും.

 




കൂടുതല്‍വാര്‍ത്തകള്‍.