ലേബര്‍ പാര്‍ട്ടിക്ക് എതിരായി നേര്‍ക്കുനേര്‍ പോരാട്ടം നടന്നാല്‍ ടോറികള്‍ക്ക് വമ്പന്‍ തോല്‍വി ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ മൂന്നാമതൊരു പാര്‍ട്ടി പിന്നില്‍ നിന്ന് കുത്തുമ്പോള്‍ നിര്‍ഭാഗ്യത്തിന്റെ പേരില്‍ തോല്‍വി ഏറ്റുവാങ്ങാന്‍ ടോറികള്‍ നിര്‍ബന്ധിതമാകും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകളെ തുണച്ച കാല്‍ശതമാനത്തോളം വോട്ടര്‍മാര്‍ ഇക്കുറി റിഫോം യുകെയ്ക്ക് പിന്തുണ നല്‍കുന്നതോടെയാണ് ടോറികള്‍ക്ക് കാലിടറുക.
റെഡ്ഫീല്‍ഡ് & വില്‍ടണ്‍ സര്‍വ്വെയില്‍ 2019 തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് പിന്തുണ നല്‍കിയ 24 ശതമാനം വോട്ടര്‍മാര്‍ നിഗല്‍ ഫരാഗിന്റെ പിന്തുണയുള്ള പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്നാണ് വ്യക്തമാകുന്നത്. ഇത് റെക്കോര്‍ഡ് വര്‍ദ്ധനവാണ്. തെരഞ്ഞെടുപ്പില്‍ ടോറികളെ പിന്തുണയ്ക്കുമെന്ന് 2019-ല്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത അഞ്ചില്‍ രണ്ട് പേര്‍ മാത്രമാണ് വ്യക്തമാക്കിയത്.
അതേസമയം 18 ശതമാനം പേര്‍ ലേബര്‍ പാര്‍ട്ടിക്ക് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചു. 7 ശതമാനം പേര്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുമെന്നും സര്‍വ്വെയില്‍ അറിയിച്ചു. ലേബര്‍ പാര്‍ട്ടി സര്‍വ്വെകളില്‍ വലിയ മുന്നേറ്റം നേടുന്നതിനിടെ റിഫോം യുകെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നത് ടോറികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുകയാണ്.
റെഡ്ഫീല്‍ഡ് & വില്‍റ്റണ്‍ പോളില്‍ ലേബര്‍ പാര്‍ട്ടി 44 ശതമാനം വോട്ട് വിഹിതവുമായി ടോറികള്‍ക്കെതിരെ 22 പോയിന്റ് ലീഡാണ് നിലനിര്‍ത്തുന്നത്. കണ്‍സര്‍വേറ്റീവുകള്‍ക്ക് 22 ശതമാനമാണ് വോട്ട് വിഹിതം. ഇതിനിടെ 2019-ല്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത പത്തില്‍ എട്ട് പേരും പാര്‍ട്ടിയെ തന്നെ ഇക്കുറി പിന്തുണയ്ക്കുമെന്നും അറിയിക്കുന്നു. ഋഷി സുനാകിനും, ടോറി പാര്‍ട്ടിക്കും ഈ പ്രവചനങ്ങള്‍ മോശം വാര്‍ത്തയാണ് സമ്മാനിക്കുന്നത്.